തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ തിരുവനന്തപുരത്ത് പാർട്ടി ജില്ലാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനം നടന്നതെന്നും പൊതുസമ്മേളനം ഒഴിവാക്കിയിരുന്നെന്നും കോടിയേരി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാർട്ടി ജില്ലാ സമ്മേളനം നടത്തിയത്. സമ്മേളനങ്ങൾ വൈകിയാൽ അത് പാർട്ടിയുടെ ജനാധിപത്യ നടത്തിപ്പിനെ ബാധിക്കും. അതുകൊണ്ടാണ് നീട്ടിക്കൊണ്ട് പോകാതിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഹാളുകളിൽ 300 പേരെ അനുവദിച്ചിട്ടുണ്ട്. അക്കാരണത്താലാണ് സമ്മേളനം നടത്തിയതെന്നും കോടിയേരി വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കിയത്. കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരത്ത് പാർട്ടി സമ്മേളനം നടത്തിയതും ഒപ്പം സമ്മേളന പ്രതിനിധിക്ക് കോവിഡ് ബാധിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കാട്ടാക്കട എംഎൽഎ ഐ.ബി സതീഷിനാണ് കോവിഡ് ബാധിച്ചത്. മറ്റൊരു പ്രതിനിധിക്കും കോവിഡ് ബാധിച്ചുവെങ്കിലും അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.
കോൺഗ്രസിനെതിരേ കോടിയേരി വിമർശനം ഉന്നയിക്കുകയും ചെയ്തു. ന്യൂനപക്ഷത്ത് നിന്നുള്ള ഒരു നേതാവ് കോൺഗ്രസിന്റെ നേതൃനിരയിൽ ഇല്ല. കോൺഗ്രസിന്റെ കാലത്ത് നടക്കില്ലെന്ന് പറഞ്ഞ് പിൻമാറിയ പല പദ്ധതികളും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കാനായെന്നും കോടിയേരി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ അന്ന് നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധ ആകർഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: kodiyeri balakridhnan on why cpm district conference was conducted amid covid spike