ന്യൂഡൽഹി > രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതിയില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാൽ സൈന്യം ശക്തമായി ചെറുക്കുമെന്ന് മുന്നറിയിപ്പ് നൽകി കരസേനാ മേധാവി ജനറൽ എം എം നരവാനെ. കരസേനാദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം പുലര്‍ത്തുന്ന ക്ഷമ ആത്മവിശ്വാസത്തില്‍ അധിഷ്ഠിതമാണ്.എതിരാളികള്‍ ക്ഷമ പരിശോധിക്കാന്‍ മുതിരരുത്.
പാകിസ്ഥാൻ ഇപ്പോഴും ഭീകരർക്ക് അഭയംനൽകുന്നുണ്ട്. അതിർത്തിക്കപ്പുറമുള്ള പരിശീലന ക്യാമ്പുകളിൽ ഏകദേശം നാനൂറോളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കാത്തിരിക്കുകയാണ്, ഒരു വർഷത്തിനിടെ 194 ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചൈനീസ് അതിർത്തിയിലെ സ്ഥിതിഗതി നിയന്ത്രണവിധേയമാക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ 14 വട്ടം സൈനികതല ചർച്ച നടത്തി, അദ്ദേഹം പറഞ്ഞു.