തിരുവനന്തപുരം: കെ-റെയിലിന്റെ ഡി.പി.ആർ തട്ടിക്കൂട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൃത്യമായ സർവേകൾ പോലും നടത്തിയിട്ടില്ല. ഡാറ്റ തിരിമറികൾ നടത്തി ജപ്പാനിൽ നിന്ന് ലോൺ വാങ്ങാനുള്ള തന്ത്രമാണിത്. പ്രതിപക്ഷം ഉയർത്തിയ ഒരു ചോദ്യങ്ങൾക്ക് പോലും ഇതിൽ മറുപടിയില്ല. ഡി.പി.ആർ പുറത്തുവന്നത്പ്രതിപക്ഷം നടത്തിയ ഇടപെടലുകളുടെ വിജയമാണെന്നുംഅദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിൽപാറകൊണ്ടുവരും എന്നാണ് പറഞ്ഞിരുന്നത്. എത്ര പാറ ഇത്തരത്തിൽ കൊണ്ടുവരാൻ സാധിക്കും. എന്തുമാത്രം പ്രകൃതി വിഭവങ്ങൾ ഇതിൽ ഉപയോഗിക്കണം. ഡി.പി.ആറിൽ ഇതിനൊക്കെയുള്ള മറുപടി ഉണ്ടാവണ്ടേ. ഈ കെ-റെയിൽ പണിതുയർത്താൻ എത്ര ടൺ കല്ലും മണ്ണും വേണം എന്നെല്ലാം ഡി.പി.ആറിലുണ്ടോ. പിന്നെ എന്ത് ഡി.പി.ആർ ആണ് പുറത്തിറക്കിയത്. അതാണ് തട്ടിക്കൂട്ടിയ ഡി.പി.ആർ എന്നു പറഞ്ഞത്.
64000 കോടി രൂപയേ ആവു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ദിനംപ്രതി 80000 യാത്രക്കാർ ഉണ്ടാവുമെന്നാണ് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളായ അഹമ്മദാബാദിനും മുംബൈക്കും ഇടയിലുള്ള ബുള്ളറ്റ് ട്രെയിനിൽ അവർ പ്രതീക്ഷിക്കുന്നത് 30000 യാത്രക്കാരെയാണ്. ആ സാഹചര്യത്തിലാണ് ഇവിടെ 80000 യാത്രക്കാർ ഉണ്ടാവുമെന്ന് പറയുന്നത്. കൃത്യമായ സർവേകൾ പോലും ഇതിനായി നടത്തിയിട്ടില്ല. ഡാറ്റ തിരിമറികൾ നടത്തി ജപ്പാനിൽ നിന്ന് ലോൺ വാങ്ങാനുള്ള തന്ത്രമാണിത്.
ആരും അറിയാൻ പാടില്ലാത്ത രഹസ്യമാണ് ഡി.പി.ആറിലുള്ളത് എന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ഇപ്പോൾ ആ രഹസ്യങ്ങൾക്ക് എന്ത് സംഭവിച്ചു. പുറത്ത് കാണിക്കാൻ പറ്റാത്ത ഡി.പി.ആറാണ് ഇതെന്ന് അറിയാവുന്നത് കൊണ്ടാണ് സർക്കാർ ഇങ്ങനെ പറഞ്ഞിരുന്നത്. ഇപ്പോൾസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പുറത്തുവിട്ടത്. ഡി.പി.ആർ പുറത്തുവന്നത് പ്രതിപക്ഷത്തിന്റെ ഇടപെടലിന്റെ വിജയമാണ്.ബാക്കി കാര്യങ്ങൾ ഡി.പി.ആർ വിശദമായി പഠിച്ചതിന് ശേഷം പറയാമെന്നുംഅദ്ദേഹം പറഞ്ഞു.
Content Highlights: VD Satheesan, K Rail, DPR