പെരിന്തല്മണ്ണ> പെരിന്തല്മണ്ണ നഗരത്തിന്റെ മാറി മുഖം മിനുക്കി കൊണ്ട് ഏറെ ദിവസം വൈകാതെ തന്നെ നഗരത്തിന് പുതുജീവന് ലഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതിയ മുഖത്തോടെ നിലമ്പൂര്- പെരുമ്പിലാവ് സംസ്ഥാന പാത പൊതുജനങ്ങള്ക്കായി തുറക്കപ്പെടുകയും ഊട്ടി റോഡില് നല്ല യാത്ര സാധ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ഊട്ടി റോഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറം, തൃശൂര്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണ് നിലമ്പൂര് – പെരുമ്പിലാവ് സംസ്ഥാന പാത. സംസ്ഥാന, അന്തര് സംസ്ഥാന വിനോദ സഞ്ചാരികളടക്കം അനേകം യാത്രക്കാരാല് സമ്പന്നമായ പ്രധാന ഗതാഗത മാര്ഗ്ഗമാണ് ഈ പാത.
സംസ്ഥാന പാതകള് ആധുനിക രീതിയില് പുനരുദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്ത്തികള് ഈ പാതയില് വളരെ മന്ദഗതിയിലായിരുന്നു നടന്നു കൊണ്ടിരുന്നത്. കൂട്ടത്തില് വാട്ടര് അതോറിറ്റിയുടെ പൈപ്പിടല് ജോലികള് വൈകിയതുമായി ബന്ധപ്പെട്ട് പെരിന്തല്മണ്ണ നഗരം വലിയ പ്രയാസത്തിലാവുകയും ചെയ്തു. ശക്തമായ മഴ കൂടി വന്നതോടെ നഗരത്തിലെ റോഡ് തകരുകയും പൊടി ശല്യം വര്ധിക്കുകയും ചെയ്തു.
ഇതിനെ തുടര്ന്ന് ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്പ്പെടുത്തുകയുണ്ടായി. 2021 ജൂണ് മാസത്തില് അവിടെ നേരിട്ടെത്തി പ്രസ്തുത സംസ്ഥാന പാതയുടെ പ്രവൃത്തി പുരോഗതികള് വിലയിരുത്തുകയുണ്ടായി. നജീബ് കാന്തപുരം എം എല് എ, നഗരസഭ ചെയര്മാന് പി.ഷാജി, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി പി വാസുദേവന് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് വേഗത്തിലാക്കാനും ടാറിംഗ് പ്രവൃത്തി ആരംഭിക്കാനും അന്ന് തീരുമാനിച്ചു. പെരിന്തല്മണ്ണ നഗരത്തില് സന്ദര്ശനവും നടത്തിയാണ് അന്ന് മടങ്ങിയത്.
എന്നാല് കണക്കുകൂട്ടലുകള് തെറ്റിച്ചു കൊണ്ട് വന്ന ശക്തമായ മഴയെത്തുടര്ന്ന് നമുക്ക് നിശ്ചയിച്ച സമയത്ത് പ്രവര്ത്തികള് ആരംഭിക്കാന് സാധിച്ചിരുന്നില്ല. മഴ മാറിയ ഉടനെ തന്നെ പെരിന്തല്മണ്ണ നഗരത്തിലെ പ്രശ്നം പരിഹരിക്കണമെന്ന് തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില് പെരിന്തല്മണ്ണ നഗരത്തിലെ ടാറിംഗ് ജോലികള് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി മാസം അവസാനത്തോടെ ഉന്നത നിലവാരത്തിലുള്ള ടാറിംഗ് പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡ്രൈനേജ്, കള്വര്ട്ട് തുടങ്ങിയ പ്രവൃത്തികള് നേരത്തെ പൂര്ത്തീകരിച്ച നിലമ്പൂര്- പെരുമ്പിലാവ് റോഡും അനുബന്ധമായി ടാറിങ് ജോലികള് ആരംഭിക്കുകയും മൂന്ന് മാസത്തിനുള്ളില് പൂര്ത്തീകരിക്കാനുള്ള ശ്രമങ്ങള് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെഎസ്ടിപി നടത്തി വരികയാണ്.