തിരുവനന്തപുരം > സിപിഐ എം കോട്ടയം, തിരുവനന്തപുരം സമ്മേളനങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളന റാലികൾ ഒഴിവാക്കി. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് റാലികൾ ഒഴിവാക്കുന്നത്. പ്രതിനിധി സമ്മേളനം കോട്ടയത്ത് ഇന്നും തിരുവനന്തപുരത്ത് നാളെയും സമാപിക്കും.
കോട്ടയത്ത് ശനിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. തുടർന്ന് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണവും നേതാക്കളുടെ അഭിവാദ്യ പ്രസംഗങ്ങളും നടക്കും. ഭാവിപ്രവർത്തന രൂപരേഖയ്ക്കും സമ്മേളനം അംഗീകാരം നൽകും.
തിരുവനന്തപുരത്ത് പൊതുസമ്മേളനം വെർച്വലായി
സര്ക്കാര് കോവിഡ് മാനദണ്ഡങ്ങള് പുതുക്കിയതിനെ തുടര്ന്നാണ് നാളെ പൊതു സമ്മേളനം ഒഴിവാക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് അറിയിച്ചു. പൊതു സമ്മേളനത്തിന് പകരം വെര്ച്ച്വല് സമ്മേളനം സംഘടിപ്പിക്കും. പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നടക്കുന്ന ജയമഹേഷ് ഓഡിറ്റോറിയത്തിലാണ് വെര്ച്ച്വല് സമ്മേളനം നടക്കുക. ഓണ്ലൈനിലൂടെയുള്ള സമ്മേളനം ജില്ലയിലെ വിവിധ ഭാഗങ്ങളില് പ്രതിനിധികള് വീക്ഷിക്കും. സംസ്ഥാന നേതാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ സെക്രട്ടറിയും യോഗത്തില് പങ്കെടുക്കും. വൈകുന്നേരം നാലിനായിരിക്കും വിര്ച്ച്വല് സമ്മേളനം.