തിരുവനന്തപുരം: എങ്ങനെയും പണമുണ്ടാക്കമെന്ന ചിന്തയാണ് ചില സഖാക്കൾക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമാണ് തിരുവനന്തപുരത്തെ എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പ്. പുതിയ സഖാക്കളിലും ഈ പ്രവണത കാണുന്നുണ്ടെന്നും അതുവെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
തിരുവനന്തപുരം ജില്ലാ നേതൃത്വവുമായി ഉയർന്ന ഏറ്റവും പ്രധാനപ്പെട്ട വിവാദമായിരുന്നു എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പ്. ഇതിനുപിന്നിൽ പാർട്ടിയിലെ ചില യുവനേതാക്കളാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം.
ചില സഖാക്കൾക്ക് എങ്ങനേയും പണമുണ്ടാക്കണമെന്ന ധാരണയാണ്. എസ്.സി-എസ്.ടി ഫണ്ട് എന്നൊക്കെ പറഞ്ഞാൽ അത് പാവങ്ങളുടെ പണമാണ്. ആ പണം തട്ടിച്ചെടുക്കാമെന്ന് കരുതുന്നത് ഈ ധാരണയുടെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പ്രതിനിധികളെ അറിയിച്ചു.
അനുപമ ദത്ത് വിവാദത്തിലും നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിലും ശരിയായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ല. നഗരത്തിലെ പരിപാടികളിൽ പാർട്ടി ഘടകങ്ങൾ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ലെന്നും ഇതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം നഗരസഭാ പരിധിയിൽ അടക്കം ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയ്യാറാക്കാനുള്ള നിർദേശം ജില്ലാ നേതൃത്വം നടപ്പാക്കിയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. നഗരസഭയിൽ ഇത്തവണ ഭരണം നേടാൻ സാധിച്ചു. എന്നാൽ പലയിടത്തും നേരിയ ഭൂരിപക്ഷത്തിന് മാത്രമുള്ള വിജയമാണ്. ഇത് താത്കാലികം മാത്രമാണെന്ന് ഓർക്കണമെന്നും ബിജെപി വളർച്ച തടഞ്ഞുവെന്ന നിലയിൽ ഊറ്റംകൊള്ളേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടാക്കാണിച്ചു.
content highlights:CM Pinarayi Vijayan warns corruption in party