കൊല്ലം
കർണാടക മുൻ ചീഫ് സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന കൊല്ലം സ്വദേശി ഡോ. ജെ അലക്സാണ്ടർ (83)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇന്ദിരാനഗറിലെ ആശുപത്രിയിൽ വെള്ളി രാത്രി എട്ടിനാണ് അന്ത്യം. ബംഗളൂരു ഇന്ദിരാ നഗറിലായിരുന്നു താമസം. സംസ്കാരം ശനിയാഴ്ച ബംഗളൂരുവിൽ.
1938 ആഗസ്ത് എട്ടിന് കൊല്ലം മങ്ങാട് കണ്ടച്ചിറ പുതുവൽത്തറ ജോസഫിന്റെയും എലിസബത്തിന്റെയും മൂന്നാമത്തെ മകനായി ജനിച്ച അലക്സാണ്ടർ സെമിനാരിയിലെ പഠനം ഉപേക്ഷിച്ചാണ് സിവിൽ സർവീസിലെത്തിയത്. കൊല്ലം എസ്എൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് എംഎ വിജയിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ അധ്യാപകനായിരിക്കെ 1963ൽ കർണാടക കേഡറിൽ ഐഎഎസിൽ പ്രവേശിച്ചു. മംഗളൂരുവിൽ ദക്ഷിണ കാനറ സബ് കലക്ടറായി ആദ്യ നിയമനം. 33 വർഷം കർണാടകയിൽ വിവിധ വകുപ്പുകളിൽ പ്രവർത്തിച്ചു. 1992ൽ ചീഫ് സെക്രട്ടറിയായി. 1996ൽ വിരമിച്ച ശേഷം കോൺഗ്രസിൽ ചേർന്ന് ബംഗളൂരു ഭാരതി നഗർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. എസ് എം കൃഷ്ണ മന്ത്രിസഭയിൽ 2003ൽ ടൂറിസം മന്ത്രിയായി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2019 ഏപ്രിലിൽ കോൺഗ്രസ് വിട്ടു. ഇടതുപക്ഷ ആഭിമുഖ്യവും പുലർത്തിയിരുന്നു.
69 –-ാം വയസ്സിലാണ് അലക്സാണ്ടർ കർണാടക സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയത്. വൈഎംസിഎ മുൻ നാഷണൽ പ്രസിഡന്റാണ്. നിലവിൽ വൈഎംസിഎ സൗത്ത് സെൻട്രൽ ഇന്ത്യ റീജ്യണൽ ചെയർമാനാണ്. ഭാര്യ പരേതയായ ഡെൽഫിൻ അലക്സാണ്ടർ. മക്കൾ: ഡോ.ജോസ് അലക്സാണ്ടർ, ഡോ.ജോൺസൺ അലക്സാണ്ടർ. മരുമക്കൾ: മേരി ആൻ, ഷെറിൽ.