കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഒരു സാക്ഷി പോലും കൂറുമാറിയിട്ടില്ലെന്നും അല്ലാതെ തന്നെ ബിഷപ്പ് ഫ്രാങ്കോ കുറ്റമുക്തനാക്കപ്പെട്ടെന്നും പ്രതിഭാഗം അഭിഭാഷകൻ.
39 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഒരു സാക്ഷി പോലും കൂറുമാറിയില്ല. കൂറുമാറാതെ തന്നെ മുഴുവൻ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയിൽ തെളിഞ്ഞു. ഒരു കുറ്റവും തെളിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാങ്കോയെ കുറ്റമുക്തനാക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ.
ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ ഒരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് രണ്ടുവർഷം പിന്നിട്ട ശേഷമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചത്. എന്നാൽ കോടതിയിൽ ഇത് തെളിയിക്കാൻ സാധിച്ചില്ല. അവർ ഒരുപാട് പേരോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് പറഞ്ഞു. എന്നാൽ കോടതിയിലും പോലീസിലും തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്. അനുപമ എന്ന കന്യാസ്ത്രീ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ സുപ്രധാനമായി. അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകനായ അഭിലാഷ് മോഹനെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. കേസ് വന്ന ശേഷമാണ് പീഡന വിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തിൽ അനുപമ വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ വീഡിയോ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. പോലീസിലും അനുപമ ഇതേ മൊഴിയാണ് നൽകിയിരുന്നത്, അഭിഭാഷകൻ പറഞ്ഞു.
കേസിന്റെ വിചാരണ വേളയിൽ തനിക്ക് അനുപമ നൽകിയ അഭിമുഖത്തിന്റെ ആധികാരികത സംബന്ധിച്ച് കോടതി വിളിച്ച് വരുത്തിയിരുന്നുവെന്ന് മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ പറഞ്ഞു. അഭിമുഖത്തിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം ഉണ്ടോ പൂർണ്ണമായും ആധികാരികമാണോ എന്നായിരുന്നു കോടതി ആരാഞ്ഞത്. ആധികാരികമാണെന്ന് മറുപടി നൽകിയെന്നും അഭിലാഷ് മോഹൻ പ്രതികരിച്ചു.