തിരുവനന്തപുരം: കെ-റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംഎൽഎ അൻവർ സാദത്ത് സ്പീക്കർക്ക് പരാതി നൽകി. കെ-റെയിൽ ഡിപിആറിന്റെ പകർപ്പ് സഭയിൽ നൽകി എന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്ന് കാണിച്ചാണ്അവകാശ ലംഘന നോട്ടീസ് നൽകിയിരിക്കുന്നത്.
ഒക്ടോബർ 27-ന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് ലംഘിച്ചിട്ടുള്ളത്. അൻവർ സാദത്ത് നൽകിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിലാണ് ഡിപിആറിന്റെ വിശദാംശങ്ങൾ ചോദിച്ചത്. തിരുവന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽ പാതയുടെ ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ടിന്റേയും റാപ്പിഡ് എൻവയോൺമെന്റ് ഇംപാക്ട് സ്റ്റഡി റിപ്പോർട്ടിന്റേയും പകർപ്പുകൾ ലഭ്യമാക്കാമോ? ഇവ സർക്കാർ അംഗീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ എന്നായിരുന്നു അൻവർ സാദത്തിന്റെ ചോദ്യം.
അതിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇങ്ങനെയാണ്.സിൽവർ ലൈൻ പാതയ്ക്കായുള്ള ദ്രുത പരിസ്ഥിതി ആഘാത പഠനം, ഡിപിആർ എന്നിവയുടെ പകർപ്പ് അനുബന്ധമായി (സിഡിയിൽ) ഉള്ളടക്കം ചെയ്യുന്നു. അവ സർക്കാർ അംഗീകരിച്ചിട്ടുണ്ട്
എന്നാൽ, ഡിപിആർ ഉള്ളടക്കം ചെയ്തെന്ന് പറഞ്ഞിട്ടും അത് ഇതുവരെ തനിക്ക് ലഭിച്ചില്ലെന്നാണ് അൻവർ സാദത്ത് ചൂണ്ടിക്കാണിക്കുന്നത്. മേൽപ്പറഞ്ഞ സിഡിയിലെ വിവരങ്ങൾ ഇ-നിയമസഭ മുഖേനയോ അല്ലാതെയോ നാളിതുവരെ ലഭ്യമാക്കിയിട്ടില്ല. ഇത് സാമാജികൻ എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും അൻവർ സാദത്ത് സ്പീക്കർക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
Content Highlights :Anwar Sadat has lodged acomplaint alleging that the CM has violated his rights in the K Rail issue