ന്യൂഡൽഹി
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്(സിഇഎൽ) വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ജീവനക്കാരുടെ എതിർപ്പിൽ മുടങ്ങി. ഡിപ്പാർട്ട്മെന്റ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി(ഡിഎസ്ഐആർ)ന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനം വിറ്റഴിക്കുന്നതിനെതിരെ ജീവനക്കാരുടെ യൂണിയൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും 337 കോടി രൂപയുടെ വിറ്റുവരവോടെ ലാഭത്തിലുള്ള സിഇഎൽ വിൽപ്പനയുടെ മറവിൽ അഴിമതി ആരോപണമുയർന്നതും നടപടി നിർത്തിവയ്ക്കാൻ കാരണമായി.
1592 കോടി രൂപയുടെ ഓർഡറുകൾ കെട്ടിക്കിടക്കുന്ന കമ്പനിക്ക് ഇതുവഴിമാത്രം 730 കോടി രൂപ ലാഭം ലഭിക്കും. 440 കോടി രൂപ വിലമതിക്കുന്ന ഭൂമിയും കമ്പനിക്കുണ്ട്. എന്നിട്ടും 210 കോടി രൂപയ്ക്ക് ഇലക്ട്രോണിക്സ് മേഖലയിൽ വൈദഗ്ധ്യം ഇല്ലാത്ത ട്രേഡിങ് കമ്പനിക്ക് വിൽക്കാനായിരുന്നു കേന്ദ്ര നീക്കം. മാർച്ച് 31നകം നടപടി പൂർത്തിയാക്കാനും നിശ്ചയിച്ചു.
രണ്ട് സ്ഥാപനം പങ്കെടുത്ത ലേലത്തിൽ നന്ദൽ ഫിനാൻസ് ആൻഡ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മുന്നിൽവന്നത്. സ്ഥിര ആസ്തികളില്ലാത്ത കമ്പനിയെന്ന റിപ്പോർട്ടുള്ള ഇതിന്റെ 99.96 ശതമാനം ഓഹരിയും കൈയാളുന്നത് പ്രീമിയർ ഫർണിച്ചർ ആൻഡ് ഇന്റീരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനു മുമ്പാകെ കേസുള്ള ഈ തട്ടിക്കൂട്ട് കമ്പനിയെ സഹായിക്കാൻ സർക്കാർ ലേല നിബന്ധന ഇളവുചെയ്തു. റഡാറുകൾക്കായുള്ള ഫേസ് കൺട്രോൾ മൊഡ്യൂളുകൾ, സൈനിക ആവശ്യങ്ങൾക്കുള്ള റഡോം, ബുള്ളറ്റ് പ്രൂഫ് കവചം തുടങ്ങിയ ഉപകരണങ്ങളുടെ നിർമാണത്തിൽ വിദഗ്ധരായ സിഇഎൽ ട്രേഡിങ് സ്ഥാപനത്തിനു വിൽക്കുന്നത് തട്ടിപ്പാണെന്ന് ആരോപണമുയർന്നു. ഇതോടെയാണ് വിൽപ്പന നിർത്തിവച്ചതായും ആരോപണം ഉന്നതതല സമിതി അന്വേഷിക്കുമെന്നും കേന്ദ്രസർക്കാർ വക്താവ് വ്യക്തമാക്കിയത്. തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എംപി സിഎജിക്കും സിവിസിക്കും പിഎസി അധ്യക്ഷനും കത്ത് നൽകി. സിഇഎല് വിറ്റഴിക്കലിന്റെ എല്ലാ രേഖകളും ഉടന് പുറത്തുവിടണമെന്ന് ജോണ് ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.















