ന്യൂഡൽഹി
കോവിഡ് വ്യാപനം തടയാൻ പ്രാദേശിക നിയന്ത്രണങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിലാണ് ഒമിക്രോൺ പടരുന്നതെന്നും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, പരിഭ്രാന്തരാകേണ്ടതില്ല. സ്ഥിതിഗതി സൂക്ഷ്മമായി നിരീക്ഷിച്ച്, ആവശ്യമായ സന്ദർഭത്തിൽ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ വേണ്ട ഇടപെടൽ നടത്താന്‍ തീരുമാനമായി. ദേശീയതലത്തിൽ അടച്ചിടലിനും നിയന്ത്രണങ്ങൾക്കും കേന്ദ്രം തയ്യാറാകില്ലെന്നാണ് സൂചന. പ്രാദേശിക, സൂക്ഷ്മതല അടച്ചിടലുകൾക്കാണ് നിർദേശം.
ഒമിക്രോണിനെ നേരിടുന്നതിനൊപ്പം പുതിയ വകഭേദങ്ങളുടെ വരവിനെയും കരുതണമെന്ന് മോദി നിര്‍ദേശിച്ചു. 10 ദിവസത്തിനകം മൂന്നു കോടി കൗമാരക്കാർക്ക് വാക്സിൻ നൽകി. 60 വയസ്സിൽ കൂടുതലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും കരുതല്‍ഡോസ് കഴിയുന്നത്ര വേഗം നൽകണം. രോഗവ്യാപനം തടയാൻ പരിശോധന വർധിപ്പിക്കണം. ഉത്സവകാലത്ത് അധികൃതരും ജനങ്ങളും ജാഗ്രത കൈവിടരുത്–- പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കോവിഡ് നേരിടാനുള്ള തന്ത്രങ്ങൾ രൂപീകരിക്കുമ്പോൾ സമ്പദ്ഘടനയും ജനങ്ങളുടെ ജീവനോപാധിയും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും പങ്കെടുത്തു. അതിഥിത്തൊഴിലാളികളുടെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര തൊഴിൽ സെക്രട്ടറി സുനിൽ ബർത്ത്വാലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ വിട്ടുപോകുന്ന സാഹചര്യമില്ലെന്ന് സംസ്ഥാനങ്ങൾ അറിയിച്ചു. രാത്രി കർഫ്യൂവും വാരാന്ത്യ നിയന്ത്രണവും ഒഴിച്ചാൽ സംസ്ഥാനങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടില്ല. സ്ഥാപനങ്ങളിൽ 50 ശതമാനം ഹാജരിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സംസ്ഥാനങ്ങളുടെ പ്രതിനിധികൾ അറിയിച്ചു.
ഒറ്റദിനം രണ്ടരലക്ഷം രോഗികള്‍
രാജ്യത്ത് 24 മണിക്കൂറില്‍ 2,47,417 കോവിഡ് ബാധിതര്‍, 380മരണം. 236 ദിവസത്തിനിടയിലെ ഏറ്റവും വലിയ രോഗക്കുതിപ്പ്. ഒറ്റദിവസത്തില്‍ 27 ശതമാനം വര്‍ധന. രോഗസ്ഥിരീകരണ നിരക്ക് 13.11 ശതമാനം. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10.80 ശതമാനം. രാജ്യത്ത് ബാധിതര്‍ 5488. മഹാരാഷ്ട്രയിൽ ഒറ്റദിവസം 46,723 പേർക്കും ഡൽഹിയിൽ 27,561 പേർക്കും കോവിഡ്. ഡൽഹിയിൽ രോഗസ്ഥിരീകരണ നിരക്ക് 26 ശതമാനം. രാജ്യത്ത് പലഭാഗത്തും കോവിഡ് കൂട്ടവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.