കോഴിക്കോട്:രാത്രി വൈകി കടലിൽ കണ്ട പോത്തിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി കരക്കെത്തിച്ച് മത്സ്യതൊഴിലാളികൾ. കോഴിക്കോട് കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കടലിൽ നിന്ന് പോത്തിനെ രക്ഷപ്പെടുത്തിയത്.വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ബുധനാഴ്ചരാത്രി 12നാണ് എ.ടി.ഫിറോസ്, എ.ടി.സക്കീർ, ടി.പി.പുവാദ് എന്നിവർ മീൻപിടിത്തത്തിനായി അറഫ ഷദ എന്ന വള്ളത്തിൽ കടലിലേക്ക് പോയത്. കരയിൽ നിന്ന് 2 കിലോമീറ്ററോളം ദൂരത്തെത്തി മീൻപിടിക്കുന്നതിനായി വല ഇട്ടപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്. ആദ്യം ഭയന്നെങ്കിലും ടോർച്ചടിച്ച് നോക്കിയപ്പോഴാണ് പോത്തിനെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വല വേഗത്തിൽ എടുത്ത ശേഷം പോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. എന്നാൽ, ഭയന്ന പോത്ത് അടുക്കുന്നുണ്ടായിരുന്നില്ല. വലിച്ചു വള്ളത്തിൽ കയറ്റാനും സാധിച്ചില്ല. തുടർന്ന് അടുത്ത് മത്സ്യബന്ധനത്തിലേർപ്പെട്ട സല റിസ വള്ളത്തിലുള്ളവരെ സഹായത്തിനായി വിളിക്കുകയായിരുന്നു. മുഹമ്മദ് റാഫി, ദിൽഷാദ് എന്നിവരും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ വള്ളത്തിലേക്ക് അടുപ്പിക്കാനായത്.
മുഹമ്മദ് റാഫി വെള്ളത്തിലേക്ക് ചാടി പോത്തിന്റെ കഴുത്തിലെ കയറിൽ മറ്റൊരു കയർ കെട്ടിയാണ് അതിനെ വള്ളത്തിലേക്ക് അടുപ്പിച്ചത്. ഇതിനിടയിൽ പോത്തിന്റെ ചവിട്ടടക്കം ഇവർക്ക് ഏൽക്കേണ്ടിവന്നു. പിന്നീട് പോത്തിനെ വള്ളത്തോട്ചേർത്ത് നിർത്തി തിരികെ കരയിലേക്കു യാത്ര തിരിച്ചു. വളരെ സാവധാനത്തിൽ മാത്രമാണ് സഞ്ചരിക്കാനായത്. വേഗത കൂട്ടുമ്പോൾ പോത്ത് വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന സ്ഥിതിയായിരുന്നു.
ഒടുവിൽ രാവിലെ എട്ടു മണിയോടെയാണ് പോത്തിനെ കരയിലെത്തിച്ചത്. മീൻ പിടിക്കാൻ സാധിക്കാത്തതിനാൽ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും ജീവനുള്ള പോത്തിനെ കടലിലുപേക്ഷിച്ച് പോരാൻ മനസ് വന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ഫിറോസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കരയിലെത്തിച്ച പോത്തിനെ പിന്നീട് ഇവർ ഉടമക്ക് കൈമാറി.