ആലപ്പുഴ> ഒരു സെന്റു വനഭൂമിയില്ക്കൂടിപ്പോലും കടന്നുപോകാത്ത കെ റെയില് തണ്ണീര്ത്തടങ്ങളും നെല്പ്പാടങ്ങളും സംരക്ഷിച്ചായിരിക്കും നര്മ്മിക്കുകയെന്ന് മന്ത്രി സജി ചെറിയാന്. ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളില് സില്വര്ലൈന് ജനസമക്ഷം പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
10000 ഹെക്ടര് വനഭൂമിയിലൂടെയാണ് കെ റെയില് പോകുന്നതെന്ന പച്ചക്കള്ളമാണ് എതിരാളികള് പ്രചരിപ്പിക്കുന്നത്. തണ്ണീര്ത്തടങ്ങളും നെല്പ്പാടവും നിലനിര്ത്താന് കെ റെയിലിന്റെ ഭാഗമായി 88 കിലോമീറ്റര് ആകാശപാത നിര്മ്മിക്കും. പരിസ്ഥിതിക്ക് ദോഷമുണ്ടാകില്ലെന്നു മാത്രമല്ല, പരിസ്ഥിതി മലിനീകരണം കുറയ്ക്കാന് കെ റൈയില് ഇടയാക്കും. ഹരിത ഗതാഗത പദ്ധതിയാകും നടപ്പാകുക. കേരളത്തിന്റെ പരിസ്ഥിതിയെ ബാധിക്കാതെ കേരളത്തിനകത്തും പുറത്തുനിന്നുമാകും സാമഗ്രികള് എത്തിക്കുക.
കെ റെയില് കേരളത്തെ രണ്ടായി മുറിക്കുമെന്നൊക്കെയാണ് പ്രചാരണം. ഇപ്പോള് കോട്ടയംവഴിയും ആലപ്പുഴവഴിയുമുള്ള പാതകള് രണ്ടായി മുറിച്ചിട്ടില്ലേ. അതുപോലെയാവില്ല കെ റെയില്. അവ പതിറ്റാണ്ടുകള് മുമ്പുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുപണിതതാണ്. 2022ലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായാണ് കെ റെയില് നിര്മ്മിക്കാന് പോകുന്നത്. വെള്ളപ്പൊക്കമുണ്ടാകുമെന്നും തല്പ്പരകക്ഷികള് പ്രചരിപ്പിക്കുന്നു. ചൈനയിലും ജപ്പാനിലുമൊക്കെ ഇതിലും വേഗം കൂടിയ ഹൈസ്പീഡ് റെയില് ഗതാഗതമുണ്ട്. അവിടെയൊന്നും വെള്ളപ്പൊക്കമുണ്ടായിട്ടില്ല. കെ റെയിലിന്റെ 500 മീറ്റര് ഇടവിട്ട് കുറുകെ സഞ്ചരിക്കാന് സൗകര്യമുണ്ടാകുമെന്നും സജി ചെറിയാന് പറഞ്ഞു
ആറുവരി ദേശീയപാതയെക്കാള് കൂടുതല് ആളുകള്ക്ക് യാത്രചെയ്യാം. കുറഞ്ഞ സമയംകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കെ റെയില് 50 വര്ഷത്തേക്കുള്ള ഗതാഗതവിഷയങ്ങള് മുന്കൂട്ടിക്കണ്ടാണ്. ഭൂമിയുടെ കുറവ് വന്കിടവികസന പദ്ധതികള് കേരളത്തില് സാധ്യമല്ലാതാക്കി. വിവര സാങ്കേതികവിദ്യ, മല്സ്യമേഖല, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് നമുക്ക് ഇനി വളര്ച്ചക്ക് സാധ്യത. ഇതിന് കെ റെയില് സഹായകമാകും. ഈ മേഖലയില് വലിയ നിക്ഷേപം വരും. ടെക്നോ പാര്ക്ക്, ഇന്ഫോപാര്ക്ക്, സൈബര് പാര്ക്ക് എന്നിവയെ ഉള്പ്പെടുത്തി വിവരസാങ്കേതികവിദ്യാ ഇടനാഴി രൂപംകൊള്ളും. ദേശീയ ജലപാതയുമായി ബന്ധിപ്പിക്കും.
കെ റെയില് ചര്ച്ചചെയ്തില്ലെന്നു പ്രതിപക്ഷം പറയുന്നത് സത്യവിരുദ്ധമാണ്. കെ ശങ്കരനാരായണന് തമ്പി ഹാളില് പദ്ധതി അവതരിപ്പിച്ചപ്പോള് മുഴുവന് നിയമസഭാംഗങ്ങളും പിന്തുണച്ച് കൈയടിച്ചുപോയതാണ്. എന്നിട്ടാണ് ഇപ്പോള് പദ്ധതി രഹസ്യമായാണ് നടപ്പാക്കുന്നതെന്ന് പ്രചാരണം നടത്തുന്നതെന്ന് സജി ചെറിയാന് പറഞ്ഞു. ആലപ്പുഴയ്ക്കും ശബരമല തീര്ഥാടകര്ക്കും കെ റെയില് ഗുണകരമാകും. കെ റെയില് ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിക്കും. ചെങ്ങന്നൂര്, മാവേലിക്കര, കുട്ടനാട് താലൂക്കുകളിലെ യാത്രാ സൗകര്യം വര്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.