തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടത്തിയ തിരുവാതിരക്കളി മാറ്റിവെക്കേണ്ടതായിരുന്നുവെന്ന് ജില്ലാ സെക്രട്ടറിയുടെ ഏറ്റുപറച്ചിൽ. തെറ്റായി പോയെന്നും എല്ലാവരും തയ്യാറായി വന്നപ്പോൾ മാറ്റിവെക്കാൻ പറയാൻ പറ്റിയില്ലെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ വിലാപ യാത്രയ്ക്കിടെയായിരുന്നു തിരുവനന്തപുരത്ത് പാർട്ടി തിരുവാതിരക്കളി നടത്തിയത്.
ഇത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുമായിരുന്നു പരിപാടി. അഞ്ഞൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളുടെ പേരിൽ പാറശ്ശാല പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവം വിവാദമായ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാൻ തീരുമാനിച്ചതായാണ് വിവരം. തിരുവാതിര നടത്തിയത് തെറ്റായെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പരസ്യമായി പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആനാവൂർ നാഗപ്പൻ തെറ്റ് ഏറ്റുപറഞ്ഞത്.തീർച്ചയായും ഒഴിവാക്കേണ്ടതായിരുന്നു, അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്നും മന്ത്രി ശിവൻകുട്ടിയും പ്രതികരിച്ചു.
പി.ബി. അംഗം എം.എ. ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആർ. സലൂജയുടെ നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശ്ശാല ഏരിയാകമ്മിറ്റിയാണ് തിരുവാതിരക്കളി അവതരിപ്പിച്ചത്.
മെഗാ തിരുവാതിരക്കളിയ്ക്കായി എഴുതിയ പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വരികളും വിവാദമായിരുന്നു. വ്യക്തിപൂജ പാടില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെയും പി. ജയരാജന്റെയും കാര്യത്തിൽ പാർട്ടി എടുത്തനിലപാടിന് വിരുദ്ധമായിരുന്നു വരികൾ
Content Highlights : CPM District secretary confesses that the Mega Thiruvatira held by the CPM ahead of the Thiruvananthapuram district convention should have been postponed