നിലവിൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും സ്കൂൾ വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും വിദ്യാർത്ഥികളുടെ ആരോഗ്യം പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരീക്ഷ നടത്തിപ്പും, സ്കൂളുകളിലെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച കൊവിഡ് അവലോകന യോഗം ചേരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് അവലോകന യോഗം ചേർന്നെങ്കിലും സ്കൂളുകൾ അടയ്ക്കുന്നതിനെക്കുറിച്ച് തീരുമാനം ഉണ്ടായിരുന്നില്ല.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27 ശതമാനത്തിലധികം കേസുകളാണ് ഇന്ന് റിപ്പോർട്ടു ചെയ്തത്. മരണസംഖ്യയിലും വർധനവുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
2,47,417 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 84,825 പേർക്കാണ് രോഗമുക്തി ലഭിച്ചത്. നിലവിൽ 11,17,531 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 13.11 ശതമാനമാണ്. അതേസമയം കൊവിഡ് മരണങ്ങളിൽ വർധനവ് ഉണ്ടാകുന്നു എന്നതാണ് രാജ്യത്ത് ആശങ്കയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 380 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ആകെ 4,85,035 പേർക്കാണ് കൊവിഡ് മഹാമാരിയെത്തുടർന്ന് ജീവൻ നഷ്ടമായത്.