കണ്ണൂർ: കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്ന ഒരു വിദ്യാർഥിനേതാവിന്റെ കൊലപാതകത്തോടുള്ള ആ നാടിന്റെ പ്രതികരണം കക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറം മനുഷ്യബന്ധങ്ങളുടെ മഹത്ത്വം ഉയർത്തിപ്പിടിക്കുന്നതായിരുന്നു.
ഇടുക്കി ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർഥി തൃച്ചംബരത്തെ ധീരജിന്, അദ്ദേഹത്തിന്റെ വീടിനരികിൽ സ്മാരകം പണിയുന്നതിന് എട്ടുസെന്റ് സ്ഥലം ഒരു ഉപാധിയുമില്ലാതെ വിട്ടുകൊടുത്ത തൃച്ചംബരം സ്വദേശി ടി.വി. വിജയൻ സി.പി.എമ്മുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിലെ അംഗം. അദ്ദേഹത്തിന്റെ പിതാവ് മയിലാടൻ കരുണാകരൻ കോൺഗ്രസ് നേതാവായിരുന്നു.
ധീരജ് കൊലചെയ്യപ്പെട്ട അന്നുരാത്രിതന്നെ മന്ത്രി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ട് ഉടമ വിജയനോട് ഭൂമി വിലയ്ക്ക് തരണമെന്ന് അഭ്യർഥിച്ചു.
ധീരജിന് വീടിനോടുചേർന്ന് അനുയോജ്യമായ സ്മാരകം നിർമിക്കാനുള്ള പാർട്ടിയുടെ ആഗ്രഹത്തിന് അദ്ദേഹം വിലകൽപ്പിച്ചു. വിലപോലും നിശ്ചയിച്ചിരുന്നില്ല. ആ ഭൂമിയിലാണ് ധീരജിന്റെ മൃതദേഹം സംസ്കരിച്ചത്.
ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ കോൺഗ്രസ് അനുഭാവിയായിരുന്നു. ആയുർവേദവകുപ്പിൽ നഴ്സായ അമ്മ പുഷ്കല ഇടത് യൂണിയൻ അംഗം. ധീരജും അനുജൻ അദ്വൈതും എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും അംഗം. ധീരജ് കോളേജിൽ എത്തിയതിനുശേഷമാണ് വിദ്യാർഥിനേതാവായി ഉയർന്നത്.