തിരുവനന്തപുരം
യൂത്ത് കോൺഗ്രസ്–-കെഎസ്യു ക്രിമിനലുകൾ കുത്തിക്കൊന്ന എൻജിനിയറിങ് വിദ്യാർഥി ധീരജ് രാജേന്ദ്രൻ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതാണെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണം ഞെട്ടലുളവാക്കുന്നത്. ചോദിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് ബുധൻ രാവിലെ കൊല്ലത്ത് പറഞ്ഞ സുധാകരൻ, രണ്ടും കൽപ്പിച്ചാണ് യൂത്ത് കോൺഗ്രസുകാരെ കോളേജിലേക്ക് അയച്ചതെന്ന് പിന്നീട് ആലപ്പുഴയിൽ വെളിപ്പെടുത്തി.
കെപിസിസി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉമ്മൻചാണ്ടിയും സുധാകരന്റെ നിലപാടിനെ തള്ളാനോ കൊള്ളാനോ തയ്യാറായിട്ടില്ല. ഓരോരുത്തർ ഉപയോഗിക്കുന്ന വാക്കുകൾ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. താൻ പിന്തുടർന്നത് ഗാന്ധിമാർഗമാണെന്ന് കഴിഞ്ഞ ദിവസം സുധാകരനെതിരെ ഒളിയമ്പെയ്ത മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീട് സുധാകരന് പ്രതിരോധ കവചം തീർത്തെങ്കിലും ധീരജിന്റെ രക്തസാക്ഷിത്വത്തെ അധിക്ഷേപിച്ചതിനോടും കൊലപാതകം നടത്താൻ യൂത്ത് കോൺഗ്രസുകാരെ അയച്ചതാണെന്ന് പറഞ്ഞതിനോടും പ്രതികരിച്ചിട്ടില്ല.
കൊലപാതകത്തിന്റെ പേരിൽ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പല കോൺഗ്രസ് നേതാക്കളും ആരോപിച്ചത്. ഈ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് സുധാകരൻ ആലപ്പുഴയിലും കൊല്ലത്തും നടത്തിയ വെളിപ്പെടുത്തലുകൾ. രണ്ടും കൽപ്പിച്ചാണ് തങ്ങളുടെ കുട്ടികളെ കോളേജിലേക്ക് അയച്ചതെന്ന പ്രഖ്യാപനം ഗൗരവമേറിയതാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കലാപം സൃഷ്ടിക്കാൻ കെപിസിസി നേതൃത്വം ആസൂത്രിതപദ്ധതി തയ്യാറാക്കിയിരുന്നോയെന്ന സംശയവും ബലപ്പെടുന്നു. കെഎസ്യു ‘വീക്കായ’ കോളേജുകളിൽ ജയിക്കാനുള്ള സാഹചര്യമൊരുക്കിയെന്നാണ് സുധാകരൻ വെളിപ്പെടുത്തിയത്. കെഎസ്യു ദുർബലമായ കോളേജുകളിൽ അക്രമവും കൊലയും നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
സുധാകരന്റെ
ശൈലിയോട്
യോജിപ്പില്ല: ഹസ്സൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശൈലിയോട് യോജിപ്പില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുറന്നടിച്ചു. പ്രകോപനമല്ല, സമാധാനമാണ് കോൺഗ്രസ് ശൈലി. ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. സർവകലാശാലകളുടെ കാര്യത്തിൽ ധീരമായി അഭിപ്രായം പറയുന്ന ഗവർണർ ഭീരുവായാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ സർവകലാശാലാ വിസിയുടെയും ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും രാജിയാവശ്യപ്പെട്ട് യുഡിഎഫ് 17ന് സർവകലാശാലകളിലേക്ക് മാർച്ചുനടത്തുമെന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതികൾക്കെതിരെ നടപടിയില്ലെന്ന്
വി ഡി സതീശൻ
ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ്–-കെഎസ്യു നേതാക്കൾക്കെതിരെ വിശദമായി അന്വേഷിച്ചുമാത്രമേ നടപടിയെടുക്കൂ എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കോൺഗ്രസ് നടപടി വൈകുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ധൃതിപിടിച്ച് നടപടി എടുക്കാനാകില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രതികരിച്ചു. കെ–-റെയിലിൽ സർക്കാർ പറയുന്ന കാര്യങ്ങൾക്ക് യുഡിഎഫ് മറുപടി തയ്യാറാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതികൾക്കുവേണ്ടി ഹാജരായത്
ഡിസിസി ഭാരവാഹികൾ
പ്രതികളെ കട്ടപ്പന ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോൾ ഇവർക്കുവേണ്ടി ഹാജരായ അഭിഭാഷകർ കോൺഗ്രസിന്റെ ജില്ലയിലെ അമരക്കാർ.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ബി സെൽവം, ഡിസിസി സെക്രട്ടറി അഡ്വ. കെ ജെ ബെന്നി എന്നിവരാണ് പ്രതികൾക്ക് ജാമ്യത്തിനായി വാദിച്ചത്. കൊലപാതകത്തെ ന്യായീകരിക്കില്ലെന്ന് പറയുമ്പോഴാണ് കൊലപാതകികൾക്ക് സഹായവുമായി നേതൃത്വം നേരിട്ടു രംഗത്തിറങ്ങിയത്.