ന്യൂഡല്‍ഹി> റിപ്പബ്ലിക് ദിന പരേഡിലേയ്ക്ക് കേരളം തയ്യാറാക്കിയ നിശ്ചലദൃശ്യം അവസാനനിമിഷം രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് തള്ളി. സെലക്ഷന് കമ്മിറ്റി മികച്ചതെന്ന് വിലയിരുത്തിയ ശേഷമാണ് ഈ ഇടപെടലുണ്ടായത്. തെരഞ്ഞെടുത്തതില്‍ ഒന്നോ രണ്ടോ ഒഴികെയുള്ളവ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും തയ്യാറാക്കിയതാണ്.
കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിലെ നാഴികക്കല്ലുകളാണ് നിശ്ചലദൃശ്യത്തില്‍ കേരളം ആവിഷ്കരിച്ചത്. ചുണ്ടന്‍വള്ളം മുതല്‍ ജഡായുപ്പാറയിലെ ശില്പം വരെ ഇതില്‍ ഉള്‍പ്പെടുത്തി. ഏറ്റവും ഒടുവിലത്തെ വന്‍പദ്ധതി എന്ന നിലയില്‍ ജഡായുപ്പാറയിലെ പക്ഷിശില്പത്തിന്റെ രൂപമാണ് മുന്നില്‍ വച്ചത്. സെലക്ഷന് കമ്മിറ്റി പൊതുവെ ഇതിനോട് വലിയ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ പക്ഷിശില്പത്തിനു പകരം ശങ്കരാചാര്യരുടെ പ്രതിമ മുന്നില്‍ വയ്ക്കണമെന്ന് പിന്നീട് കേന്ദ്രത്തില്‍നിന്ന് നിര്‍ദേശം വന്നു. മതനിരപേക്ഷ ദര്‍ശനം മുന്നോട്ടുവച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വയ്ക്കാമെന്ന് കേരളം പ്രതികരിച്ചു. ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കുകയും കേരളത്തിന്റെ നിശ്ചലദൃശ്യം അന്തിമ ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സംഗീതം തയ്യാറാക്കാനും കേരളപ്രതിനിധികള്ക്ക് നിര്‍ദേശം ലഭിച്ചു. നാല് രീതിയിലുള്ള സംഗീതവും കേരളം തയ്യാറാക്കി.
അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരേഡിനെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇതു ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കേന്ദ്രത്തെ സമീപിച്ചപ്പോഴാണ് ഒഴിവാക്കിയ വിവരം അറിയിച്ചത്. നവംബര്‍ മുതല്‍ വിപുലമായ തയ്യാറെടുപ്പുകളാണ് കേരളം ഇതിനുവേണ്ടി നടത്തിയത്. അന്തിമ ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയാലും ഒഴിവാക്കാന്‍ സാധ്യതയുള്ള ദൃശ്യങ്ങളുടെ വിവരം മുന്‍കൂട്ടി അറിയിക്കാറുണ്ട്. കേരളം എല്ലാരീതിയിലും മികച്ച ദൃശ്യമാണ് തയ്യാറാക്കിയതെന്ന് ഇതര സംസ്ഥാനങ്ങളിലെ ദൃശ്യങ്ങളുടെ അണിയറ പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ ഇടപെടലാണ് ഒഴിവാക്കലിനു പിന്നിലെന്ന് സെലക്ഷന് കമ്മിറ്റിയുമായി ബന്ധമുള്ളവര്‍ പറയുന്നു.