കോഴിക്കോട്> മതനേതൃത്വം കമ്യൂണിസം വിശദീകരിക്കേണ്ട എന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ താക്കീത്, തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്ക്കായി പോയകാലത്തെല്ലാം ലീഗ്, മതനേതൃത്വത്തെ ആശ്രയിച്ചിരുന്നുവെന്ന ചരിത്രയാഥാര്ഥ്യത്തെ കുറിച്ച് വിവരമില്ലാത്തത് കൊണ്ടാണെന്ന് ഐഎന്എല് സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര് അഭിപ്രായപ്പെട്ടു.
കമ്യൂണിസത്തിനെതിരെ മുസ്ലിം ജനസാമാന്യത്തിന്െറ മനസ്സില് അബദ്ധധാരണകള് വിതക്കാന് മതനേതൃത്വത്തെയാണ് ലീഗ് എന്നും ഉപയോഗപ്പെടുത്തിയിരുന്നത്. 1960ലെ നിയമ സഭ തെരഞ്ഞെടുപ്പ് വേളയില് കമ്യൂണിസ്റ്റുകള്ക്ക് വോട്ട് ചെയ്യുന്നത് നിഷിദ്ധമാണ് എന്ന ‘ഫത്വ’ സംഘടിപ്പിക്കുന്നതിന് അന്നത്തെ ലീഗ് നേതൃത്വം സമസ്ത പ്രസിഡന്റായിരുന്ന കെ കെ സ്വദഖത്തുല്ല മൗലവിയെ സമീപിച്ചതും യുക്തിഭദ്രമായ മറുപടി നല്കി ആ ശ്രമത്തെ ആ പണ്ഡിതന് പരാജയപ്പെടുത്തിയതും ഷാജിയെപോലുള്ളവര് പഠിച്ചിട്ടുണ്ടാവില്ല.
വര്ഗീയ പാര്ട്ടിയായി മുദ്ര കുത്തി, ദേശീയ -സംസ്ഥാന തലങ്ങളില് കോണ്ഗ്രസ് അസ്പര്ശ്യരായി അകറ്റി നിര്ത്തിയപ്പോള് 1965തൊട്ട് കമ്യുണിസ്റ്റുകാര് നല്കിയ അഭയമാണ് മുസ്ലിം ലീഗിന് സ്വന്തമായി ഒരു അസ്തിത്വമുണ്ടാക്കാന് സഹായിച്ചതെന്ന പരമാര്ഥം വിസ്മരിച്ചാണ് ലീഗും പിണിയാളുകളും ഇപ്പോള് കമ്യുണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നതെന്ന് കാസിം ഇരിക്കൂര് പ്രസ്താവനയില് പറഞ്ഞു.