പാലക്കാട് > അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിണി പപ്പാടിയിൽ പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽനിന്ന് കുഞ്ഞുങ്ങളിലൊന്നുമായി തള്ളപ്പുലി കാട്ടിലേക്ക് മടങ്ങി. ചൊവ്വ പുലർച്ചെയാണ് തള്ളപ്പുലി കുഞ്ഞുമായി മടങ്ങിയത്. രണ്ടാമത്തെ കുഞ്ഞിനെ തള്ളപ്പുലിയുടെ പക്കലെത്തിക്കാനുള്ള ദൗത്യം തുടരും. കൂട്ടിൽനിന്ന് തന്റെ കുഞ്ഞുങ്ങളിലൊന്നിനെ കൈകൊണ്ട് തട്ടി പുറത്തേക്കെടുത്താണ് തള്ളപ്പുലി മടങ്ങിയത്. വെളിച്ചവും ആളുകളുടെ ബഹളവും മൂലം രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാൻ പുലി എത്തിയില്ല. തുടർന്ന് രണ്ടാമത്തെ പുലിക്കുഞ്ഞിനെ ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി.
അകത്തേത്തറയിൽ തള്ളപ്പുലിക്കായി ഞായറാഴ്ച രാത്രിയാണ് കൂട് സ്ഥാപിച്ചത്. ആകെയുള്ള കൂട് ഇവിടെ സ്ഥാപിച്ചതിനാൽ പിന്നീട് മണ്ണാർക്കാട്ടുനിന്നും വലിയ കെണിക്കൂട് എത്തിച്ച് പപ്പാടിയിലെ വീട്ടുപരിസരത്ത് സ്ഥാപിച്ചു. പുലിയെ പിടികൂടി കുട്ടികൾക്കൊപ്പം കാടുകയറ്റാനാണ് തീരുമാനം. കൂടിനുസമീപം സ്ഥാപിച്ച ക്യാമറയ്ക്കു മുന്നിലൂടെ മൂന്നുതവണ പുലി കടന്നുപോയതായി ദൃശ്യങ്ങളിൽ കണ്ടെത്തി.
ഞായർ രാത്രി വിവിധ സമയങ്ങളിലായി പുലി വന്നെങ്കിലും കൂട്ടിലേക്ക് കയറിയില്ല. തിങ്കള് പുലർച്ചെയും പുലി ഈ വഴി എത്തിയെങ്കിലും കൂട്ടിൽ കുഞ്ഞുങ്ങളില്ലായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് കുഞ്ഞുങ്ങളെ കൂട്ടിൽവച്ചത്. ഞായറാഴ്ച പകൽ ഒന്നോടെയാണ് അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിണി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ ഒരാഴ്ചയിൽ താഴെ പ്രായമുള്ള രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയെ വനംവകുപ്പ് പരിപാലിക്കുകയായിരുന്നു.
ഇതിനിടെ, ചൊവ്വാഴ്ച കഞ്ചിക്കോട് ജനവാസമേഖലയിൽ പുലിയിറങ്ങി പശുവിനെ കൊന്നു. വേലഞ്ചേരി നാരായണസ്വാമിയുടെ പശുവിനെയാണ് കൊന്നത്. തൊഴുത്തിൽ കെട്ടിയ പശുവിനെ പുലി വലിച്ചിഴച്ച് അടുത്ത പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കാൽപ്പാടുകളിൽനിന്ന് പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു. രണ്ടു മാസം മുമ്പും വേലഞ്ചേരി, പയറ്റുകാട്, കൊട്ടാമുട്ടി മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. പ്രദേശത്ത് കൂടുതൽ വനം വാച്ചർമാരെ നിയോഗിച്ചു.