കോട്ടയം: സിൽവർ ലൈനിന് അനുമതികിട്ടിയാലും നേരിടാനുള്ളത് മലയോളം വലിയ പ്രതിസന്ധി. പാതയ്ക്കുവേണ്ട മണ്ണും പാറയും എവിടെനിന്ന് എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നു. വിഴിഞ്ഞം തുറമുഖം നേരിടുന്ന അതേപ്രയാസം സിൽവർ ലൈനിനും നേരിടേണ്ടിവരും.
292.72 കിലോമീറ്റർ ദൂരം പാത ഭൂമിയിലൂടെയാണ് പോകുന്നത്. ഇത്തരം ഒരു കിലോമീറ്റർ പാതയ്ക്കുമാത്രം ഏകദേശം 40,000 ചതുരശ്രമീറ്റർ മണ്ണ് നിറയ്ക്കേണ്ടിവരും. നാലുമീറ്റർ ഉയരത്തിലും 10 മീറ്റർ വീതിയിലുമാണ് ഇതിനായുള്ള തറ സജ്ജമാക്കുക. ഇത്രയും നിറയ്ക്കാൻ 8000 ലോറി മണ്ണ് വേണ്ടിവരും. 292.72 കിലോമീറ്റർ തറയിലൂടെയുള്ള പാതയ്ക്ക് വേണ്ടിവരിക 23.36 ലക്ഷം ലോറി മണ്ണാകും. പാതയുടെ പാരിസ്ഥിതിക ആഘാതം പഠിച്ച പ്രൊഫ. എസ്. രാമചന്ദ്രൻ വിലയിരുത്തിയതുപ്രകാരം ഇത്രയും അസംസ്കൃതവസ്തുക്കൾ ഭൂമിക്ക് മുകളിലേക്ക് മാത്രമാണ്. അടിത്തട്ടും അത്രയേറെ ആഴത്തിൽ വേണ്ടിവന്നാൽ ചെലവ് ഇരട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ പഠനത്തിൽ 529.45 കിലോമീറ്റർ വരുന്ന പാതയ്ക്ക് 50 ലക്ഷം ലോഡ് മണ്ണ് വേണ്ടിവരുമെന്നാണ്. ഒരു കിലോമീറ്റർ പാളം സജ്ജമാക്കാൻ 2000 ഘനമീറ്റർ മെറ്റൽ വേണ്ടിവരും. 4.72 ലക്ഷം ഘനമീറ്റർ മെറ്റലാണ് മൊത്തം വേണ്ടത്. ഒരു കിലോമീറ്ററിനുവേണ്ട സ്ലീപ്പറുകൾ 1660 ആണ്. 290 കിലോഗ്രാമാണ് ഒരു സ്ലീപ്പറിന്റെ ഭാരം. സ്ലീപ്പറിനുമാത്രം വൻതോതിൽ മെറ്റൽ വേണ്ടിവരും. മെറ്റലിനും കെട്ടിനുള്ള പാറയ്ക്കുംവേണ്ടി 80 ലക്ഷം ലോഡ് കരിങ്കല്ല് വേണ്ടിവരുമെന്ന് പരിഷത്ത് പറയുന്നു.
മധ്യകേരളത്തിൽ ആവശ്യത്തിന് മണ്ണും മെറ്റലും കിട്ടുമെന്നാണ് കെ-റെയിലിന് സമർപ്പിച്ച വിശദപഠനറിപ്പോർട്ടിൽ പറയുന്നത്. നിലവിൽ പാത ഇരട്ടിപ്പിക്കലിനുപോലും മെറ്റലും മണ്ണും ലഭിക്കുന്നില്ല. വിഴിഞ്ഞം പദ്ധതിക്ക് പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിൽനിന്ന് പാറ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. പത്തനംതിട്ട ജില്ലയിൽ കലഞ്ഞൂരിൽ രാക്ഷസൻപാറയെന്നു പേരുകേട്ട ഇടം പൊട്ടിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
2010-11ൽ കേരളത്തിൽ ആകെ 3104 ക്വാറികൾ ഉണ്ടായിരുന്നെന്ന് നിയമസഭാരേഖകൾ പറയുന്നു. ഈ വർഷത്തെ കണക്കുപ്രകാരം അത് 604 ആണ്.
ആശങ്കകൾ പരിഹരിക്കണം -സഭാ സിനഡ്
കൊച്ചി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഉണ്ടായിരിക്കുന്ന ആശങ്കകൾ ഗൗരവപൂർവം പരിഗണിക്കേണ്ടതാണെന്ന് സിറോമലബാർ സഭാ സിനഡ്. പദ്ധതിപ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തല്ലാതെ, സർവേ-ഭൂമിയേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകരുത്. വിശദമായ പദ്ധതിരേഖ പ്രസിദ്ധീകരിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു.
വികസനപദ്ധതികളുടെ രൂപവത്കരണം, വിഭവവിതരണം, മുൻഗണനാക്രമം നിശ്ചയിക്കൽ മുതലായവയിൽ സാധാരണക്കാരുടെയും ദരിദ്രജനവിഭാഗങ്ങളുടെയും ഉന്നമനത്തിന് പ്രാധാന്യംകൊടുക്കണം. വികസനവും പരിസ്ഥിതിസംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിൽക്കണം. വികസനകാര്യത്തിലായാലും പരിസ്ഥിതിസംരക്ഷണത്തിലായാലും ജനസൗഹാർദപരമായ തീരുമാനങ്ങളാണുണ്ടാകേണ്ടത്. ജനങ്ങളെ കേട്ടും അഭിപ്രായങ്ങൾ പരിഗണിച്ചും മാത്രമേ വികസനപരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി സർക്കാരുകൾ മുമ്പോട്ടുപോകാവൂ എന്നും സിനഡ് അഭിപ്രായപ്പെട്ടു.
കെ-റെയിലിൽ രഹസ്യ അജൻഡ -ഉമ്മൻചാണ്ടി
തിരുവനന്തപുരം: കെ-റെയിലിൽ സർക്കാരിന്റെ രഹസ്യ അജൻഡയാണുള്ളതെന്നും സാമ്പത്തികപ്രതിസന്ധിക്കിടെ യാഥാർഥ്യബോധത്തോടെ സർക്കാർ കാര്യങ്ങളെ കാണണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
രണ്ടുലക്ഷം കോടി രൂപയുടെ അധികബാധ്യത സംസ്ഥാനത്തിനുണ്ടാക്കുന്നതാണ് പദ്ധതി. ഒന്നിലും ചർച്ചയില്ലെന്ന നിലപാട് സർക്കാർ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് എൻ. ഗോപകുമാർ അധ്യക്ഷനായി.
പതിനയ്യായിരം കോടിയുടെ അഴിമതി -പി.സി. ജോർജ്
കോഴിക്കോട്: പതിനയ്യായിരം കോടിയുടെ കമ്മിഷൻ ലക്ഷ്യമിട്ടാണ് പിണറായി വിജയൻ കെ-റെയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് പത്രസമ്മേളനത്തിൽ ആരോപിച്ചു. സമ്പന്നന്മാരുമായല്ല, ഭൂമി നഷ്ടപ്പെടുന്നവരുമായാണ് മുഖ്യമന്ത്രി ചർച്ചനടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാൻ ഉപേക്ഷിച്ച പദ്ധതിയാണ് കെ-റെയിൽ. അവർക്ക് വേണ്ടാത്ത ആക്രി ഇറക്കുമതിചെയ്ത് കമ്മിഷനടിക്കാനാണ് കെ-റെയിൽ നടപ്പാക്കുന്നത്.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രി മാന്യന്മാർ എന്നുപറയുന്നവരെയാണ് ചർച്ചയ്ക്ക് വിളിച്ചത്. ഭൂമി നഷ്ടപ്പെടുന്ന പാവങ്ങളെക്കുറിച്ച് പിണറായിക്ക് വേവലാതിയില്ല.
ഭൂമി നഷ്ടപ്പെടുന്നവർക്ക് വലിയ നഷ്ടപരിഹാരം വാഗ്ദാനംചെയ്യുകയാണ്. മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ പിണറായിയുടെ വീടും സ്ഥലവും വിട്ടുതരുമോ? എത്ര പണം വേണമെങ്കിലും നൽകാം -പി.സി. ജോർജ് പറഞ്ഞു.
നല്ലളം ഡീസൽ നിലയവും കമ്മിഷനുവേണ്ടി നിർമിച്ചതായിരുന്നു. വിദേശികൾ ഉപേക്ഷിച്ച മെഷിനറികൾ ഇതിനായി ഇറക്കുമതിചെയ്തു. 1200 കോടിയാണ് കെ.എസ്.ഇ.ബി.ക്ക് പദ്ധതി കാരണം നഷ്ടംവന്നത്. മുഖ്യമന്ത്രിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ സി.പി.ഐ. പ്രതികരിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു.
content highlights:Silver Line Project, Sasthra Sahithya Parishad Study