കോഴിക്കോട്: പോലീസിൽ തെറ്റായ സമീപനമുള്ളവരും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇത്തരത്തിൽ തെറ്റായ പ്രവണതയുള്ളവർ ചുരുക്കം ചിലർ മാത്രമാണെന്നും അതിന്റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനേയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ നടത്തിമറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
യുവജന രംഗത്തുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കണമെന്നും അലൻ – താഹ വിഷയത്തിൽ മുഖ്യമന്ത്രി പരോക്ഷമായി മറുപടി നൽകി. സിപിഎം ജില്ലാ സമ്മേളനങ്ങളിലുടനീളം പോലീസിനെതിരെയുള്ള വിമർശനം ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
പോലീസിൽ തെറ്റായ പ്രവണത പുലർത്തുന്നവരെ കൂടി തെറ്റ് തിരുത്തുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അലൻ – താഹ വിഷയത്തിൽ നേരത്തെ എടുത്ത നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി. വിഷയത്തിൽ പ്രതിനിധികളുടെ ചോദ്യത്തിന് പേരെടുത്ത് മറുപടി പറയാതെ പരോക്ഷമായാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയ യുവജന രംഗത്തുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കണം. ആരെങ്കിലും വഴി തെറ്റുകയാണെങ്കിൽ അവരെ നേരായ വഴിയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം നടണമെന്നും അദ്ദേഹം പറഞ്ഞു. ആരേയും അകാരണമായി ജയിലലടക്കണമെന്നില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോഴും അലൻ – താഹ വിഷയത്തിൽ അദ്ദേഹം നേരത്തെ എടുത്ത നിലപാടിൽ തന്നെ നിൽക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
Content Highlights: CM pinarayi vijayan statement about state police