കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ട് രേഖാമൂലമുള്ള ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് വന്നിട്ടില്ല. എന്നാൽ വെള്ളാഴ്ച വരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിൽ അറിയിച്ചു.
കേസ് അപഹാസ്യമാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നാല് വർഷത്തിന് ശേഷമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി വരുന്നത്. മുഖ്യമന്ത്രിക്കും പിന്നീട് പോലീസിനും നൽകിയ പരാതിയിൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കാര്യം ബാലചന്ദ്രകുമാർ പറയുന്നില്ല. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥന് നൽകുന്ന മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് കരുത്തിക്കൂട്ടിയുള്ള നടപടിയാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അതിനെ അട്ടിമറിക്കാനുള്ള ഒരു നീക്കമാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചന തന്നെയാണ് ഇതിന് പിന്നിലെന്നാണ് ദീലീപിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.
കേസിൽ വിശദമായ വാദം പറയേണ്ടത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി.രാമൻപിള്ളയാണ്. കോവിഡ് ബാധിച്ചതിനാൽ അദ്ദേഹത്തിന് കോടതിയിൽ ഹാജരാകാൻ സാധിച്ചില്ല. അതുകൊണ്ട് കേസ് മാറ്റിവെക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. അതുവരെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ച സാഹചര്യത്തിൽ അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ ദിലീപ് ഭയക്കേണ്ടതില്ല.
ദിലീപിന് പുറമേ സഹോദരൻ പി. ശിവകുമാർ (അനൂപ്), സഹോദരീ ഭർത്താവ് ടി.എൻ. സൂരജ് എന്നിവരാണ് മുൻകൂർ ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.
Content Highlights:Anticipatory bail plea of Dileep postponed by the High court in actress attack case