കൊവിഡ്-19 വൈറസ് മൂലം വിതരണ ശൃഖലയ്ക്കുണ്ടായ കാലതാമസമാണ് നിർഭാഗ്യകരവും ലജ്ജാകരവുമായ അവസ്ഥയിലേക്ക് നോർവീജിയൻ സൈന്യത്തെ നയിച്ചത്. മഹാമാരി മൂലം വിതരണ ക്ഷാമം പല കാര്യങ്ങളിലും നോർവീജിയൻ സൈന്യം അനുഭവിക്കുന്നുണ്ട്.
ഓരോ വർഷവും ഏകദേശം 8,000 യുവാക്കളെയും യുവതികളെയും നോർവേ സൈനിക സേവനത്തിനായി ചേർക്കുന്നു. നാറ്റോയുടെ വടക്കൻ അതിർത്തിയും റഷ്യയുമായുള്ള അതിർത്തിയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് ഇത്തരത്തിൽ സൈനീക സേവനം ചെയ്യുന്നവർക്കുള്ള ചുമതല. എന്നാൽ പരിശീലനം പൂർത്തിയാക്കിയവർ അവർക്ക് ലഭിച്ച അടിവസ്ത്രങ്ങളുമായി ബാരക്കുകൾ വിട്ട ശേഷമാണ് അടിവസ്ത്രത്തിനും സോക്‌സിനും ലഭ്യതക്കുറവ് വെളിച്ചത്ത് വന്നത്.
ഇതോടെയാണ് അടിവസ്ത്രവും സോക്‌സും തിരിച്ചേല്പിക്കണം എന്ന വിചിത്ര നിബന്ധന സൈന്യം പുറത്ത് വിട്ടിരിക്കുന്നത്. പബ്ലിക് ബ്രോഡ്കാസ്റ്റർ എൻആർകെയുടെ അഭിപ്രായത്തിൽ, റിട്ടേൺ പ്ലാൻ തുടക്കത്തിൽ സ്വമേധയാ ഉള്ളതായിരുന്നു. എന്നാൽ ഇപ്പോൾ, സേവനം പൂർത്തിയാക്കി പോകുന്ന എല്ലാവർക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്.
“ഇപ്പോൾ കിറ്റിന്റെ ഈ ഭാഗം (അടിവസ്ത്രവും സോക്‌സും) വീണ്ടും ഉപയോഗിക്കാൻ ഞങ്ങൾ നിര്ബന്ധിതരായിരിക്കുന്നു, ഞങ്ങൾക്ക് വേണ്ടത്ര സ്റ്റോക്കില്ല. തുണിത്തരങ്ങൾ കഴുകി വൃത്തിയാക്കി പരിശോധിക്കുന്നു. ഞങ്ങൾ വിതരണം ചെയ്യുന്നത് നല്ല നിലയിലാണ്,” ഡിഫൻസ് ലോജിസ്റ്റിക്സ് വക്താവ് ഹാൻസ് മെയ്സിംഗ്സെറ്റ് വാർത്താ പ്രസിദ്ധീകരണത്തോട് പറഞ്ഞു.
വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും കുറവ് സൈനികരുടെ സുരക്ഷയെ ബാധിക്കും എന്ന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വിമര്ശനമുയർന്നിട്ടുണ്ട്.