തൊടുപുഴ > ധീരജ് ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നൂ… ആ ചേതനയറ്റ ശരീരം കണ്ട സഹപാഠികൾ അലമുറയിട്ടു. പ്രിയസഖാവിന്റെ വേർപാടിൽ ഹൃദയംതകർന്നുള്ള വിലാപം. പരസ്പരം കെട്ടിപ്പിടിച്ച് നിന്ന് ആശ്വസിപ്പിക്കാനുള്ള ശ്രമം വിഫലമായി. ധീരജെന്ന മിടുക്കനായ വിദ്യാർഥി അവർക്കെല്ലാം അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു. പെൺകുട്ടികൾ അടക്കമുള്ളവരുടെ പൊട്ടിക്കരച്ചിലിൽ അധ്യാപകരുടെയും നിയന്ത്രണംവിട്ടു. എൻജിനീയറിങ് കോളേജിന്റെ മുറ്റം കണ്ണീർപ്പുഴയായി.
ധീരജ് രാജേന്ദ്രന്റെ മൃതദേഹം സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ തോമസ്, എം എം മണി, ജില്ലാ സെക്രട്ടറി സി വി വർഗീസ്, മറ്റു നേതാക്കൾ എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിൻ സമീപം ഫോട്ടോ: വി കെ അഭിജിത്ത്
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആദ്യം എത്തിച്ചത് സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു. നേതാക്കളായ എം എം മണി, കെ ജെ തോമസ്, സി വി വർഗീസ്, കെ കെ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഡിവൈഎഫ്ഐ അഖിലോന്ത്യാ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് തുടങ്ങി നിരവധി നേതാക്കളും നൂറു കണക്കിന് പ്രവർത്തകരും ബഹുജനങ്ങളും ധീരജിന് അന്ത്യാഞ്ജലി അർപ്പിച്ചു.
ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരയുന്ന സഹപാഠി ഫോട്ടോ: വി കെ അഭിജിത്ത്
തുടർന്ന് മൃതദേഹം പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ പൊതുദർശനത്തിനെത്തിച്ചു. വികാരനിർഭരമായ യാത്രയയപ്പാണ് ധീരജിന് സഹപാഠികളും അധ്യാപകരും നൽകിയത്. മുദ്രാവാക്യം വിളികളുമായി എസ്എഫ്ഐ പ്രവർത്തകർ അന്ത്യയാത്രയോടൊപ്പം ചേർന്നു. മൂലമറ്റം അശോക കവല, തൊടുപുഴ എന്നിവിടങ്ങളിലും നിരവധിപേർ ധീരജിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നു. ഇടുക്കി ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ വിലാപയാത്രക്ക് അകമ്പടിയായി. പ്രമുഖനേതാക്കളും വിലാപയാത്രയോടൊപ്പം ധീരജിന്റെ സ്വദേശമായ തളിപ്പറമ്പിലേക്ക് പോകുന്നുണ്ട്.