പാലക്കാട്: പുലിക്കൂട്ടിൽ വെച്ച പുലിക്കുഞ്ഞിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോയി. രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചയോടെയാണ് പാലക്കാട് അകത്തേത്തറ ഉമ്മിനിയിൽ വനം വകുപ്പ് വെച്ച കൂട്ടിലെത്തി അമ്മപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ ആളൊഴിഞ്ഞ വീട്ടിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പുലി എത്തിയതെന്നാണ് കരുതുന്നത്. പുലിയെ പിടികൂടാനാണ് പുലിക്കുഞ്ഞുങ്ങളെ കൂട്ടിൽ വെച്ചിരുന്നത്. കൂടിൽ കയറാതെ പുലിക്കുഞ്ഞുങ്ങളെ വച്ച പെട്ടി കടിച്ചാണ് അമ്മപ്പുലി കുഞ്ഞുങ്ങളിലൊന്നിനെ കൊണ്ടുപോയത്. ഇതേ തുടർന്ന് രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വനംവകുപ്പ് ഓഫീസിലേക്ക് മാകറ്റി.
ജനവാസ മേഖലയിൽ പുലി നിരന്തരം വരുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. അതേസമയം രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടിൽ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം. പുലി ഈ കുഞ്ഞിനെയും കൊണ്ടുപോയ്ക്കോട്ടെ എന്ന നിലപാടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
അകത്തേത്തറ ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ പുലിയും കുട്ടികളുമെന്ന വാർത്ത ഞായറാഴ്ച നട്ടുച്ചയ്ക്കാണ് പുറംലോകമറിഞ്ഞത്. ഉമ്മിനി-പപ്പാടി റോഡരികിലുള്ള, ഭാഗികമായി തകർന്ന വീട്ടിലെ മുറിക്കുള്ളിൽനിന്ന് ജനിച്ച് ഒരാഴ്ചയോളം മാത്രമായ രണ്ട് പുലിക്കുട്ടികളെ കണ്ടെടുക്കുകയായിരുന്നു.
വീട്ടുടമ ജോലിസംബന്ധമായി ഗുജറാത്തിലായതിനാൽ, 10 വർഷമായി വീട് പൂട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് മേൽക്കൂര തകർന്നിരുന്നു. വർഷങ്ങളായി വീടും പറമ്പും വൃത്തിയാക്കുന്ന സമീപവാസിയായ പൊന്നൻ എന്നയാളാണ് പുലിയെ കണ്ടത്. പറമ്പിൽ പണിയെടുക്കുന്നതിനിടെ, വീടിനകത്തുനിന്ന് ശബ്ദംകേട്ടു. എത്തിനോക്കിയപ്പോൾ, ഒരു പെൺപുലി എഴുന്നേറ്റ് എതിർദിശയിലേക്ക് നടന്നുപോകുന്നതാണ് കണ്ടത്.
സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് അകത്തേക്ക് കടന്നപ്പോഴാണ് രണ്ട് പുലിക്കുട്ടികൾ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്.
Content Highlights: leopard cubs, palakkad ummini