തിരുവനന്തപുരം
മലയാളത്തിന്റെ മഹാഗായകൻ കെ ജെ യേശുദാസിന്റെ എൺപത്തിരണ്ടാം പിറന്നാൾ ഗാനാഞ്ജലിയാൽ സമ്പന്നമാക്കി ഭാരത്ഭവനും സ്വരലയയും പുരോഗമന കലാസാഹിത്യ സംഘവും. തിങ്കൾ പകൽ രണ്ടുമുതൽ രാത്രി 10.20 വരെ എട്ട് മണിക്കൂർ 20 മിനിറ്റ് നേരം 82 കലാകാരന്മാരാണ് യേശുദാസിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങൾ ആലപിച്ചത്. മെഗാ വെബ് സ്ട്രീമിങ്ങിലൂടെ നിരവധി പേരാണ് ഗാനാഞ്ജലി കണ്ടത്.
മലയാളിക്ക് സംഗീതത്തിന്റെ പര്യായമാണ് യേശുദാസെന്ന് മന്ത്രി സജി ചെറിയാൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. മലയാളം അതിന്റെ ഉച്ചാരണ ശുദ്ധിയെ അഗാധമായി കണ്ടെടുത്തത് യേശുദാസിലാണ്. തലമുറകൾ നീണ്ട, ഒരു ജനതയുടെ തന്നെ സംഗീത സംസ്കാരത്തിന്റെ നിർവചനമായി അദ്ദേഹം. എൺപത്തി രണ്ടാമത് പിറന്നാൾ ആഘോഷിക്കുന്ന അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്വരലയ (പാലക്കാട്) ചെയർമാൻ എൻ എൻ കൃഷ്ണദാസ്, സെക്രട്ടറി ടി ആർ അജയൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ, കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി തുടങ്ങിയവരും യേശുദാസിന് ജന്മദിനാശംസ നേർന്നു.