
തൃച്ചംബരം പാലക്കുളങ്ങര പട്ടപ്പാറയിലാണ് ധീരജിന്റെ വീട്. അച്ഛനും അമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. ഇവർ സ്വന്തമായി വീടുവെച്ച് ജീവിതം ആരംഭിച്ചിട്ട് രണ്ട് വർഷമേ അയിട്ടുള്ളൂ. പഠനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി ധീരജ് അധിക സമയവും കോളേജിലായിരുന്നു. ക്രിസ്മസ് അവധിക്കു ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് ധീരജ് കോളേജിലേക്ക് മടങ്ങി പോയത്.
എൽഐസി ഏജന്റായാണ് ധീരജിന്റെ പിതാവ് രാജേന്ദ്രൻ ജോലി ചെയ്യുന്നത്. അമ്മ കമല തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിൽ നഴ്സായാണ് ജോലി ചെയ്യുന്നത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സഹോദരൻ അദ്വൈത്.
ധീരജ് കോളേജിൽ എത്തിയ ശേഷമാണ് എസ്എഫ്ഐയുമായി അടുത്തത്. നാട്ടിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ലെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു.
അതേസമയം എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. കൊലപാതകത്തെ കെ എസ് യുവോ കോൺഗ്രസോ ന്യായീകരിക്കില്ല. കെ എസ് യുവിന്റെ ഭാഗത്തുനിന്നും ഉണ്ടായ ആക്രമണമാണെങ്കിൽ ഞങ്ങൾ അപലപിക്കുമെന്നും സുധാകരൻ പറഞ്ഞു. എസ് രാജേന്ദ്രന്റെയും എം എം മണിയുടേയും വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന് പ്രചാരണം ഉണ്ടെന്ന മറുവാദമാണ് സുധാകരൻ ഉന്നയിച്ചത്. കൊലപാതകത്തെ അപലപിക്കാൻ കെപിസിസി പ്രസിഡന്റ് തയ്യാറായില്ല.















