കെ-റെയിൽ പാക്കേജുകളും സ്ഥലമെടുപ്പും സമരവുമെല്ലാം വലിയ ചർച്ചയാവുകയാണ് കേരളത്തിൽ. സർക്കാരിന്റെ സ്വപ്ന പദ്ധതിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെ-റെയിൽ പദ്ധതിയെ കാണുന്നത്. പദ്ധതി ഏത് വിധേനയും നടപ്പിലാക്കാൻ സി.പി.എം വഴി വീട് കയറിയുള്ള കാമ്പയിനുകൾക്കും തുടക്കമിട്ട് കഴിഞ്ഞു. പക്ഷെ കെ-റെയിലിനെതിരേയുള്ള സമരവും ഒരു ഭാഗത്ത് ശക്തമാവുകയാണ്. കേരളത്തിന്റെ വികസനമെന്നത് മോദി മോഡലാവരുതെന്ന് പറയുന്നുപ്രമുഖ സാമൂഹിക പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയുമായ മേധാ പട്ക്കർ. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കെ.റെയിൽ സമരപന്തൽ സന്ദർശിക്കാനെത്തിയ മേധാ പട്ക്കർ മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
കെ-റെയിൽ ചർച്ചകളും വിവാദങ്ങളുമെല്ലാം കൊഴുക്കുകയാണ്.എന്താണ് താങ്കളുടെഉത്കണ്ഠ ?
ഉത്കണ്ഠഎന്റേത് മാത്രമല്ല. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്ക് എതിരാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഏതെങ്കിലും സംഘടനകളോ, പരിസ്ഥി പ്രവർത്തകരോ മാത്രമല്ല പദ്ധതി വേണ്ടെന്ന് പറയുന്നത്. ഇതിന് പ്രത്യേക കാരണവുമുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് പദ്ധതിയുടെ പേരിൽ നേരിട്ടും അല്ലാതെയും വഴിയാധാരമാവുക. വികസനത്തിന്റെ പേരിൽ പ്രകൃതിയേയും കേരളത്തിന്റെ സ്വാഭാവികതേയുമെല്ലാം സർക്കാർ മറക്കുകയാണ്. ജനങ്ങളുടെ താത്പര്യത്തിനപ്പുറം ലാഭമുണ്ടാക്കുക എന്നത് മാത്രമാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം. ഒരു പദ്ധതി തുടങ്ങുമ്പോൾ അതിനെ ബാധിക്കുന്ന ജനങ്ങളുടെ അഭിപ്രായം തേടുക എന്നതാണ് ജനാധിപത്യ മര്യാദ. പക്ഷെ അതുണ്ടാകുന്നില്ല. ഡി.പി.ആർ പോലും പുറത്ത് വിടാത്തത് ദുരൂഹമാണ്. പിന്നിൽ ഇത്രയും പ്രശ്നമുള്ളത് കൊണ്ടാണ് സമരങ്ങൾ ഉയർന്ന് വരുന്നത്.
കേരളം കെ-റെയിലിലൂടെ പുതിയമാതൃകയിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്എന്ന് കരുതുന്നുണ്ടോ ?
ഹൈസ്പീഡ് ട്രെയിൻ ഉണ്ടെങ്കിൽ മാത്രമാണ് വികസനം എന്ന് പറയുന്നതിൽ എന്ത് അർഥമാണുള്ളത്. കേരളം സ്വയംപര്യാപ്തമായ ഒരു ഭക്ഷ്യ സംസ്ഥാനമാവുകയാണ് ആദ്യം വേണ്ടത്. അതിന് പകരം ഇത്തരം വമ്പൻ പദ്ധതികൾ മുന്നോട്ട് വെച്ച് കേരളത്തിന്റെ കാർഷിക സംസ്കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇപ്പോൾ തന്നെ കേരളം ഒരു പ്രളയ സംസ്ഥാനമാണ്. പ്രകൃതിയിൽ മനുഷ്യനുണ്ടാക്കിയ വിപത്തുകൾ വലിയ രീതിയിൽ തിരിച്ചടിച്ച് തുടങ്ങിയിരിക്കുന്നു. ഇത് നമ്മളെ നിർബന്ധപൂർവം ചിന്തിപ്പിക്കുന്നത് പ്രകൃതിയ തിരിച്ച് കൊണ്ടുവരുന്നതിനെ കുറിച്ചാണ്. ഈ സമയത്താണ് പ്രകൃതിയേയും കൃഷിഭൂമിയേയും കീറി മുറിച്ച് കൊണ്ടുള്ള വികസനത്തെ മുന്നോട്ട് വെക്കുന്നത്. ഇവിടെയാണ് ആളുകൾ ചോദ്യം ചോദിക്കുന്നത്. അതിനെ അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. വികസനം എന്നത് മോദി മോഡൽ ആവരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
നാല് മണിക്കൂർ കൊണ്ട് കാസർകോട്
നിന്നും തിരുവനന്തപുരത്ത് എത്താനാവുമെന്നതാണ് നേട്ടം?
വേഗതമാത്രം ലക്ഷ്യമിട്ട് എങ്ങനെ മറ്റുള്ളവയെ നമുക്ക് മറക്കാൻ കഴിയും. കേവലം കുറച്ച് മണിക്കൂറുകൾ ലഭിക്കാൻ വേണ്ടി നമുക്ക് നാശമുണ്ടാക്കുന്നതിനെ ഇഷ്ടപ്പെടാൻ കഴിയില്ല. നമ്മുടെ ജീവിതത്തേയും ഭാവി തലമുറയുടെ ജീവിതത്തേയുമാണ് വികസനത്തിന്റെ പേരിൽ മറന്ന് പോവുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തേയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തേയുമാണ് വേഗതയുടെ പേരിൽ ഇല്ലാതാക്കാൻ നോക്കുന്നത്. ഏത് തരത്തിലുള്ള നാശനഷ്ടമാണ് ഓരോ വ്യക്തിക്കും ഉണ്ടാവുക എന്നത് ഇതുവരെ പൂർണമായും കണക്ക് കൂട്ടാൻ പോലും കഴിഞ്ഞിട്ടില്ല. അപ്പോൾ ലാഭത്തെകുറിച്ച് മാത്രം ചിന്തിച്ചാൽ മതിയാവില്ല. ഇരകളേയും കാണുക തന്നെ വേണം.
വലിയ നഷ്ടപരിഹാരമാണ്
ഭൂമി വിട്ടുകൊടുക്കുന്നവർക്ക് നൽകുന്നത്?
വലിയ നഷ്ടപരിഹാരമെന്നൊക്കെയുള്ള വാഗ്ദാനത്തെ ജനങ്ങൾ വിശ്വസിച്ചുവെന്നാണോ കരുതുന്നത്. എന്താണ് മുൻപ് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റേയും പുനരധിവാസത്തിന്റേയുമൊക്കെ അവസ്ഥ. പലർക്കും ഇന്നും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ചിലർക്ക് കാലങ്ങൾ കാത്തിരിക്കേണ്ടി വന്നു. കാർഷിക ഭൂമി മുഴുവൻ ഇല്ലാതാക്കാനാണോ സർക്കാർ ലക്ഷ്യമിടുന്നത്. കേരളം പോലുള്ള പ്രകൃതി അനുഗ്രഹിച്ച സ്ഥലത്ത് ഇപ്പോൾ തന്നെ കൃഷികൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. നെൽവയലുകൾ കുറഞ്ഞ് വരുന്നു. മൂന്നോ നാലോ ഭീമൻ ഹൈവേകൾ ഇപ്പോൾ തന്നെ വരാനിരിക്കുന്നു. ഭൂമികൾ താമസിക്കുവാനല്ലാതെ വൻകിട നിർമാണ പ്രവർത്തനങ്ങൾക്കായി ആളുകൾ വാങ്ങിക്കൂട്ടുകയാണ്. സംസ്ഥാനം വെട്ടി മുറിച്ച് കഴിഞ്ഞിരിക്കുന്നു. ഇത് സുനാമി പോലുള്ള അവസ്ഥയ്ക്കാണ് വഴിവെക്കുന്നത്. കേരളത്തിന്റെ വികസനം വെറും വേഗതയെ അടിസ്ഥാനമാക്കി മാത്രമാവരുത്.
കെ റെയിൽ നന്ദിഗ്രാം മോഡൽ ആവുമോ?
അങ്ങനെ ആവരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. കർഷകസമരത്തേയും മറ്റും വലിയ രീതിയിൽ പിന്തുണച്ചവരാണ് കേരളത്തിലെ ഇടതുപക്ഷം. അവർ ജനങ്ങളെ കേൾക്കുക തന്നെ വേണം. നിലവിലുള്ളട്രെയിൻയാത്രാ സൗകര്യം വികസിപ്പിച്ചാൽ തന്നെ കേരളത്തിന്റെ യാത്രാ പ്രശ്നത്തിന് വലിയ പരിഹാരമാവും. ഇപ്പോൾ രാജധാനിയിലല്ലാതെ മൊബൈൽ ചാർജിംഗ് സംവിധാനം പോലും കാര്യമായി ഇല്ല. നിലവിലെ ട്രെയിനുകളിൽ മാറ്റം വരുത്താനുള്ള ശ്രമാണ് ആദ്യം നടത്തേണ്ടത്. അല്ലാതെ വലിയ കുടിയിറക്കലുകൾക്ക് നേതൃത്വം കൊടുക്കുകയല്ല വേണ്ടത്.















