തിരുവനന്തപുരം: ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പൈനാവ് എഞ്ചിനീയറിങ് കോളേജിലുണ്ടായതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പുറത്തു നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ നേതൃത്വത്തിലായിരുന്നു അക്രമം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ നടപടിയെടുക്കുമെന്നും ബിന്ദു വ്യക്തമാക്കി.
സമാധാനപൂർണമായ തിരഞ്ഞെടുപ്പ് പ്രക്രിയ ആയിരുന്നു കോളേജിൽ നടന്നത്. വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് യാതൊരു വാക്കുതർക്കമോ പ്രകോപനമോ ഉണ്ടായിട്ടില്ല. ക്യാമ്പസിന്റെ പുറത്തു നിന്നാണ് യൂത്തു കോൺഗ്രസ് പ്രവർത്തകൻ ആക്രമിക്കാനെത്തിയത്. ആസൂത്രിതവും സംഘടിതവുമായി ഈ കൊലപാതകത്തിന് പിന്നിൽരാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.
ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. കലാലയങ്ങളിൽ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുത്. നിലവിൽ കലാലയങ്ങളിലെല്ലാം സമാധാന അന്തരീക്ഷമാണുള്ളത്. വ്യത്യസ്ത രാഷ്ട്രീയ ചേരിയിലെ വിദ്യാർഥികൾ സൗഹൃദത്തോടെയാണ് പെരുമാറുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ബോധവത്കരണ പരിപാടികളാണ് ഇതിന് കാരണം-ബിന്ദു കൂട്ടിച്ചേർത്തു.
Content Highlights: Higher Education Minister R Bindu on murder of student and SFI activist Dheeraj Rajendran














