ഇടുക്കി: എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കുത്തേറ്റ് വീണിട്ടും ആശുപത്രിയിൽ എത്തിക്കാൻ പോലീസ് വാഹനം വിട്ടുനൽകിയില്ലെന്ന് സഹപാഠിയുടെ ആരോപണം. കുത്തേറ്റെന്ന വിവരം പറഞ്ഞപ്പോൾ അവിടെ കിടക്കട്ടെ എന്നായിരുന്നു പോലീസുകാരുടെ പ്രതികരണമെന്നും സഹപാഠി മാധ്യമങ്ങളോട് പറഞ്ഞു.
നാലഞ്ച് പോലീസുകാർ അവിടെ സൈഡിൽ നിൽക്കുന്നുണ്ടായിരുന്നു. വണ്ടി വേണം ആശുപത്രിയിൽ പോകാനെന്ന് അവരോട് പറഞ്ഞു. അവിടെ കിടക്കട്ടെയെന്നാണ് അവർ പറഞ്ഞത്. പിന്നീട് കോളേജിലെ ആവശ്യത്തിന് വന്ന വണ്ടി തടഞ്ഞുനിർത്തി ആ വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്-സഹപാഠി പറഞ്ഞു.
തിങ്കളാഴ്ച കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേർക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights:sfi activist dheeraj murder case idukki allegation against police















