തിരുവനന്തപുരം: ചാൻസലറായി തുടരണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി തനിക്ക് മൂന്ന് കത്തുകൾ അയച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ താൻ ചാൻസിലറായി തുടർന്നാൽ ഇപ്പോഴത്തെ സ്ഥിതി ആയിരിക്കില്ലെന്നും കടുത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് അദ്ദേഹം കത്തിലൂടെ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പദവിയിൽ തുടരണമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതല്ലെങ്കിൽ ചാൻസിലർ പദവിക്ക് സർക്കാർ ബദൽ സംവിധാനം കൊണ്ടുവരണമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമന വിവാദത്തിന് പിന്നാലെ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളുടെ ചാൻസർ പദവിയിൽ തുടരില്ലെന്ന് അറിയിച്ചത്.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദവും സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ രൂക്ഷമാക്കിയിരുന്നു. ഇതിനിടെയാണ് താൻ ഇനി ചാൻസലർ പദവിയിൽ തുടരുകയാണെങ്കിൽ പഴയ പോലെ ആയിരിക്കില്ലെന്ന മുന്നറിയിപ്പ് ഗവർണർ നൽകിയിരിക്കുന്നത്.
രാഷ്ട്രപതിക്ക്ഡി-ലിറ്റ് നൽകാൻ വിസമ്മതിച്ച കേരള സർവകലാശാല വിസിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനം നടത്തുകയുണ്ടായി. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞു.
ഇങ്ങനെയാണോ ഒരു വൈസ് ചാൻസിലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകി ആദരിക്കാൻ ആവശ്യപ്പെട്ടപ്പോൾ പറ്റില്ലെന്ന മറുപടിയാണ് വൈസ് ചാൻസലറിൽ നിന്ന് ലഭിച്ചത്. അതിന്റെ ഞെട്ടലിൽ നിന്ന് ഏറെ സമയമെടുത്താൻ താൻ മോചിതനായത്.
തുടർന്ന് വൈസ്ചാൻസലറെ വിളിച്ചു. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നൽകാനാവില്ലെന്ന മറുപടി നൽകിയതെന്ന് വിസി അറിയിച്ചു. പക്ഷേ സിൻഡിക്കേറ്റ് യോഗം വിളിക്കാനുള്ള നിർദേശം പാലിച്ചിരുന്നില്ല. ചാൻസലർ എന്ന നിലയിൽ എന്നെ ധിക്കരിച്ചു.താൻ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ല. ഇനി അത് പറ്റില്ലെന്ന് ഗവർണർ പറഞ്ഞു.
Content Highlights :Governor Arif Mohammad Khan has said that the Chief Minister has sent him three letters requesting him to continue as Chancellor