പൈനാവ്: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവർത്തകനു കൂടി കുത്തേറ്റിട്ടുണ്ട്. കോളേജ് തിരഞ്ഞെടുപ്പിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായതോടെ ആയിരുന്നു ആക്രമണം.
കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെപിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.കോളേജിൽതിങ്കളാഴ്ച തിരഞ്ഞെടുപ്പായിരുന്നു. ഇതുമായിബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു-എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. ഇതിനിടെയാണ് രണ്ടുപേർക്ക് കുത്തേറ്റത്.
മറ്റൊരു വിദ്യാർഥിക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഈ വിദ്യാർഥിയും ചികിത്സ തേടിയിട്ടുണ്ട്. വിദ്യാർഥി സംഘർഷത്തിലേക്ക് നയിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം കത്തിക്കുത്തിൽ കലാശിച്ചുവെന്നാണ് വിവരം.
Content Highlights :SFI activist stabbed to death in College of Engineering, Idukki