കോഴിക്കോട്: എസ്.എഫ്.ഐ. കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന വിമർശനവുമായി എ.പി. വിഭാഗം വിദ്യാർഥിസംഘനയായ എസ്.എസ്.എഫ്. മതത്തിൽനിന്ന് മാനവികതയിലേക്ക് ക്ഷണിക്കുന്നവർ അമാനവികമായ ഈ ചിന്താധാരയെ പുൽകുന്നതിലെ ഗൂഢലക്ഷ്യം പൊതുസമൂഹം തിരിച്ചറിയണമെന്നും എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
സാമൂഹികജീവിതത്തെ അരാജകമാക്കുന്ന ലിബറൽചിന്തകളുടെ പ്രയോക്താക്കളും പ്രചാരകരുമായി ഇടതുവിദ്യാർഥിസംഘടന മാറുകയാണ്.
എസ്.എഫ്.ഐ.യുടെത് തുണിയഴിക്കൽ വിപ്ലവമാണെന്നാണ് മറ്റൊരുവിമർശനം. കാമ്പസുകൾക്കകത്ത് നിലപാടുള്ള രാഷ്ട്രീയം പറയാൻ സാധിക്കാതെവരുമ്പോഴുള്ള നിസ്സഹായതയിൽനിന്നാണ് പൈങ്കിളിരാഷ്ട്രീയത്തിലേക്കുള്ള ഈ പരകായ പ്രവേശമെന്ന് രൂക്ഷമായി വിമർശിക്കുന്നു. ലിബറൽ വ്യക്തിവാദങ്ങളിലൂടെ എന്ത് വിപ്ലവമാണ് എസ്.എഫ്.ഐ. നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും എസ്.എസ്.എഫ്. ആവശ്യപ്പെടുന്നുണ്ട്.
സി.പി.എമ്മിനെ ശക്തമായി പിന്തുണയ്ക്കുന്ന കാന്തപുരം വിഭാഗത്തിന്റെ വിദ്യാർഥിസംഘടന എസ്.എഫ്.ഐ.ക്കെതിരേ ശക്തമായി രംഗത്ത് വന്നതെന്നാണ് പുതിയ രാഷ്ട്രീയസാഹചര്യത്തിൽ ശ്രദ്ധേയം.
വിശ്വാസിയായി ജീവിച്ചുമരിക്കാൻ ഉദ്ദേശിക്കുന്നവർ കമ്യൂണിസത്തിന്റെ കൊടിപിടിക്കാൻ പോവാതിരിക്കലാണ് നല്ലതെന്ന വിമർശനവുമായി എസ്.എസ്.എഫ്. മുൻ സംസ്ഥാന ജനറൽസെക്രട്ടറിയും എസ്.വൈ.എസ്. കോഴിക്കോട് ജില്ലാസെക്രട്ടറിയുമായ മുഹമ്മദലി കിനാലൂരാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് കാന്തപുരം വിഭാഗത്തിന്റെ വിദ്യാർഥിസംഘനാനേതാക്കൾ ഉൾപ്പെടെയുള്ളവർ ഏറ്റെടുക്കുകയായിരുന്നു.
പ്രകടിപ്പിച്ചത് വിശ്വാസപരമായ വിയോജിപ്പ്
സദാചാരത്തെ തെറ്റാണെന്ന് അവതരിപ്പിക്കുന്നരീതിയിൽ എസ്.എഫ്.ഐ. നടത്തിയ പ്രചാരണത്തിനെതിരായ സ്വാഭാവിക പ്രതികരണമാണ്. വിശ്വാസപരമായ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയെന്ന രഹസ്യ അജൻഡയാണ് ഇതിനുപിന്നിൽ.- സി.എൻ. ജാഫർ-സംസ്ഥാന ജനറൽ സെക്രട്ടറി, എസ്.എസ്.എഫ്.