പാലക്കാട് > പൊന്നന് ഞെട്ടൽ മാറിയിട്ടില്ല. പകൽ പന്ത്രണ്ടോടെയാണ് തന്നെ നോക്കാൻ ഏൽപ്പിച്ച ആളൊഴിഞ്ഞ വീട്ടിൽനിന്ന് അസാധാരണ ശബ്ദംകേട്ടത്. പട്ടിയാണെന്ന് കരുതിയാണ് അകത്തുകയറിയത്. നിലംപൊത്താറായ വീടിന്റെ ജനൽ തുറന്നുനോക്കിയപ്പോള് കണ്ടത് രണ്ടടിയിലേറെ ഉയരമുള്ള തള്ളപ്പുലിയെ. പൊന്നനെ കണ്ടയുടന് പുലി പുറത്തേക്ക് ഓടി. വീട്ടുവളപ്പിൽനിന്ന് പുറത്തേക്കോടിയ പൊന്നന് വിവരം നാട്ടുകാരെ അറിയിച്ചു. ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി. അവരാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടത്.
ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പൊന്നൻ പറയുന്നു. 15 വർഷമായി അടഞ്ഞുകിടക്കുന്ന വീടും പരിസരവും കാടുമൂടിയ നിലയിലാണ്. പിന്നിൽ ടാപ്പിങ് നടക്കുന്ന റബർതോട്ടവുമുണ്ട്. ഉമ്മിനി സ്കൂൾ പരിസരത്തുനിന്ന് ഇരുനൂറു മീറ്റർ മാറിയാണ് പുലിയെ കണ്ടെത്തിയ സ്ഥലം. നിരവധിയാളുകൾ പുലർച്ചെ നടക്കാനിറങ്ങുന്നത് ഈ വീടിനു മുന്നിലൂടെയാണ്. കുട്ടികൾ കളിക്കുന്നതും ഇവിടെത്തന്നെ. ഉമ്മിനി സ്കൂളിന് പുറമെ കേന്ദ്രീയവിദ്യാലയം, സെന്റ് തോമസ് കോൺവെന്റ് സ്കൂൾ, എൻഎസ്എസ് എൻജിനിയറിങ് കോളേജ്, സ്കൂൾ എന്നിവയും ഒരുകിലോമീറ്റർ ചുറ്റളവിലുണ്ട്. കോവിഡ് കാലയമായതിനാൽ സ്കൂളിലേക്ക് കുട്ടികൾ നടന്നുപോകുന്നത് ഇതുവഴിയാണ്. ചുറ്റുമായി ഇരുന്നൂറോളം കുടുംബങ്ങൾ താമസമുണ്ട്. ധോണി വനമേഖല ഒരുകിലോമീറ്റർ അകലെയാണ്. സ്ഥിരമായി കാട്ടാനശല്യമുള്ള പ്രദേശമാണ് ഇത്.
ആൾപ്പെരുമാറ്റം തിരിച്ചറിഞ്ഞ് ഓടിപ്പോയ തള്ളപ്പുലി തിരിച്ചെത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. ഇവിടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, വൈസ് പ്രസിഡന്റ് മോഹനൻ എന്നിവർ സ്ഥലത്തെത്തി. മുൻകരുതലെന്നോണം വനംവകുപ്പിന്റെ ദ്രുത പ്രതികരണ സേന ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പുലിയെ കെണിവച്ചു പിടികൂടണമെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
പുലിഭീതിയിൽ മലയോരം
വേനലടുത്തതോടെ വന്യമൃഗങ്ങൾ കാടിറങ്ങുമെന്ന ഭയത്തിലാണ് മലയോരവാസികൾ. ജില്ലയിൽ മലമ്പുഴ, അകത്തേത്തറ, മണ്ണാർക്കാട്, നെല്ലിയാമ്പതി, കൊല്ലങ്കോട് എന്നിവിടങ്ങളിലാണ് പുലിഭീതിയുള്ളത്. മണ്ണാർക്കാട് പൊതുവപ്പാടം മേഖലയിൽ നിരവധി ആടുകളേയും വളർത്തുനായ്ക്കളേയും പശുവിനേയും പുലി കൊന്നിരുന്നു. നാട്ടുകാരിൽ പലരും പുലിയെ നേരിട്ട് കണ്ടതിനാൽ പുലി ഭീതി രൂക്ഷമാണ്.
തിരുവിഴാംകുന്ന് മേഖലയിലും പുലി ഭീതി രൂക്ഷമായതിനാൽ കന്നുകാലി ഗവേഷണ കേന്ദ്രത്തിലും കെണി സ്ഥാപിച്ചിട്ടുണ്ട്. മലമ്പുഴ ചീക്കുഴി, മലമ്പുഴ ജയിൽ പരിസരം, ചെറാട് എന്നിവിടങ്ങളിൽ പുലിയിറങ്ങാറുണ്ട്. വാളയാർ ആറ്റുപതിയൂരിൽ പുലിയെ പിടികൂടാൻ കൂടു സ്ഥാപിച്ചിരുന്നു. ആനയും പന്നിയും സ്ഥിരമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില് കാടിറങ്ങിയെത്തുന്നുണ്ട്.