തിരുവനന്തപുരം
കേരള സർവകലാശാലാ ചാൻസലറായ ഗവർണർ ആരിഫ് മൊഹമ്മദ്ഖാന് വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻപിള്ള വെള്ളക്കടലാസിൽ എഴുതിനൽകിയതായി രാജ്ഭവൻ പുറത്തുവിട്ട കത്തിൽ ദുരൂഹത. സാധാരണ വൈസ് ചാൻസലർ ഔദ്യോഗിക ലെറ്റർ പാഡിലാണ് ചാൻസലർക്ക് കത്ത് എഴുതുക. എന്നാൽ, രാജ്ഭവൻ പുറത്തുവിട്ടത് വെള്ളക്കടലാസാണ്. ഇത് അസാധാരണമാണ്.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണറിൽനിന്ന് വിസിക്ക് സമ്മർദം ഉണ്ടായിരുന്നതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിന് ഒന്നിലധികം തവണ വിസിയെ ഗവർണർ വിളിച്ചുവരുത്തി. സർവകലാശാലയുടെ പൊതുതാൽപ്പര്യം ഈ ഘട്ടത്തിൽ വിസി ഗവർണറെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകാം. എന്നാൽ, വെള്ളക്കടലാസിൽ ഗവർണർക്ക് കത്ത് നൽകേണ്ട സാഹചര്യം എന്തെന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.
ചാൻസലർ പദവി വഹിക്കുന്ന ഗവർണർ സർക്കാരോ അദ്ദേഹത്തിനു കീഴിലുള്ള പ്രൊ. ചാൻസലറായ മന്ത്രിയോ വിസിമാരോ നടത്തുന്ന കത്തിടപാടുകൾ പുറത്തുവിടുന്നത് ഭരണഘടനാ ലംഘനംകൂടിയാണ്.
കണ്ണൂർ സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്ത് അദ്ദേഹത്തിന്റെ ഓഫീസ് മാധ്യമങ്ങൾക്ക് കൈമാറിയിരുന്നു. തൊട്ടുപിന്നാലെ പ്രൊ. ചാൻസലറായ മന്ത്രി ആർ ബിന്ദു നൽകിയ കത്തുകളും പുറത്തുവിട്ടു. മന്ത്രിയുടെ നടപടി ചട്ടലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും പ്രചാരണം നടത്തി. എന്നാൽ, ഇക്കാര്യം ഉന്നയിച്ചുള്ള ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് കേരള വിസിയുടേതെന്ന പേരിൽ വെള്ളക്കടലാസ് കത്ത് പുറത്തുവിട്ടിരിക്കുന്നത്.