പാലക്കാട്
ജനവാസമേഖലയിലെ ആളൊഴിഞ്ഞ വീട്ടിൽ പുലിക്കുഞ്ഞുങ്ങൾ. അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിണി പപ്പാടിയിലാണ് ഒരാഴ്ചയിൽ താഴെ പ്രായമുള്ള രണ്ടു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനംവകുപ്പ് വെറ്ററിനറി സർജനെത്തി പരിശോധിച്ചശേഷം വനംവകുപ്പ് പാലക്കാട് ഡിവിഷൻ ഓഫീസിലേക്ക് മാറ്റി. അമ്മപ്പുലി തിരികെയെത്താൻ സാധ്യതയുള്ളതിനാൽ വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സമീപവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. ഞായർ പകൽ പന്ത്രണ്ടരയോടെ ആളൊഴിഞ്ഞ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽനിന്ന് ശബ്ദംകേട്ട് പ്രദേശവാസി പൊന്നൻ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്. വീടിന്റെ ജനാല തുറന്നപ്പോൾ അമ്മപ്പുലി പുറത്തേക്കോടി. ഉടൻ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് അധികൃതരെത്തി പുലിക്കുഞ്ഞുങ്ങളെന്ന് സ്ഥിരീകരിച്ചു. പാലക്കാട് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ വിജയാനന്ദിന്റെ നിർദേശപ്രകാരമാണ് കുഞ്ഞുങ്ങളെ ഡിവിഷണൽ ഓഫീസിലേക്ക് മാറ്റിയത്.
പുലിക്കുഞ്ഞുങ്ങളെ കണ്ട വീടിനു ചുറ്റുമുള്ള പ്രദേശത്ത് നൂറ്റമ്പതോളം വീടുണ്ട്. 300 മീറ്റർ അകലെ ഉമ്മിണി ഹൈസ്കൂളുണ്ട്. കുട്ടികളുൾപ്പെടെ നിരവധിപേർ ഈ വീടിനു മുന്നിലൂടെയാണ് പ്രധാന റോഡിലേക്ക് സഞ്ചരിക്കുന്നത്. ഒരു കിലോമീറ്റർ അകലെ ധോണി വനമേഖലയാണ്. ആനശല്യമുണ്ടെങ്കിലും ആദ്യമായാണ് പുലിയെത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ക്യാമറയും കൂടും സ്ഥാപിച്ച് അമ്മപ്പുലിയെ പിടികൂടി കുഞ്ഞുങ്ങൾക്കൊപ്പം വനത്തിൽവിടാനാണ് അധികൃതരുടെ തീരുമാനം.