കോഴിക്കോട്
നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആദ്യമായി ലോകം കാണാൻ തുടങ്ങിയവരാണ് ഫിദയും നിദയും ഹന്നയും. ഒരുമിച്ച് കളിച്ചു ചിരിച്ച് വളർന്ന മൂന്ന് മൊഞ്ചത്തിമാർ. ഇവർക്ക് പുതുമാരന്മാരെത്തിയതും ഒരേ ദിവസം. ഈങ്ങാപ്പുഴ സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ ഞായർ ഇവരുടെ വിവാഹം നടന്നു.
ലോറി ഡ്രൈവറായ ഈങ്ങാപ്പുഴ കല്ലടിക്കുന്ന് അബ്ദുൾ ഗഫൂറിന്റെയും സീനത്തിന്റെയും മക്കളാണ് മൂവരും. അടിവാരം സ്വദേശിയും ദുബായിൽ മൊബൈൽ മെക്കാനിക്കുമായ ആസിഫാണ് ഫിദയുടെ വരൻ. ഈങ്ങാപ്പുഴ സ്വദേശി ഹാജീർ മുഹമ്മദാണ് നിദയ്ക്ക് മിന്ന് ചാർത്തിയത്. താമരശേരി സ്വദേശി ഉവൈസാണ് ഹന്നയുടെ വരൻ.
ഫിദയും നിദയും ഹന്നയും ലിന്റോ ജോസഫ് എംഎൽഎയ്ക്കൊപ്പം
2002 മെയ് 25നാണ് മൂന്ന് കുട്ടികളും ജനിച്ചത്. കാഴ്ചയിലും സ്വഭാവ രീതികളിലും സമാനത പുലർത്തി വളർന്ന കുട്ടികളുടെ വിവാഹവും ഒരുമിച്ചാകണമെന്നത് കുടുംബത്തിന്റെ ആഗ്രഹമായിരുന്നു. ഫിദയ്ക്കാണ് ആദ്യം കല്യാണാലോചന വന്നത്. മറ്റ് രണ്ടാളുടെ ഒപ്പമേ കല്യാണം വേണ്ടൂവെന്ന ആഗ്രഹമറിയിച്ചപ്പോൾ വരനും വീട്ടുകാർക്കും സമ്മതം. മാസങ്ങൾക്കിപ്പുറം നിദയ്ക്കും ഹന്നയ്ക്കും പങ്കാളിയെ കണ്ടെത്തിയതോടെ ഒരേ വേദിയിൽ കല്യാണപ്പന്തലുയർന്നു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫടക്കമുള്ളവർ ആശംസ നേരാനെത്തി. യുനാനി ഫാർമസി വിദ്യാർഥികളായ മൂവരും ആദ്യമായാണ് വേർപിരിയുന്നത്. ആ സങ്കടമൊഴിച്ചാൽ മറ്റെല്ലാത്തിലും ഇവർ ഹാപ്പി.