കണ്ണൂർ
വിദ്യാർഥികളുടെ പങ്കാളിത്തത്തിൽ റെക്കോഡിട്ട ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ പത്താം സീസണിലേക്ക്. എൽപി, യുപി, സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. സ്കൂൾതല മത്സരം ബുധൻ പകൽ ഒന്നിന്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകും. സ്കൂൾ മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരം മണക്കാട് ഗവ. ഗേൾസ് എച്ച്എസ്എസിൽ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
സ്കൂൾതല മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 23ന് രാവിലെ 9.30ന് നടക്കുന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഉപജില്ലയിലെ ഒന്നാം സ്ഥാനക്കാർക്ക് 1000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 750 രൂപയും സർട്ടിഫിക്കറ്റും ഉപഹാരവും നൽകും. ഫെബ്രുവരി ആറിന് ജില്ലാതല മത്സരവും 19ന് സംസ്ഥാന മെഗാ ഫൈനലും. വിവിധതലങ്ങളിൽ വിജയികളാകുന്നവർക്ക് ഒരു കോടി രൂപയുടെ സമ്മാനങ്ങളും പ്രാണ ഇൻസൈറ്റ് നൽകുന്ന ലേണിങ് ആപ്പും ലഭിക്കും. പ്രാണ ഇൻസൈറ്റ് ആണ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ സ്പോൺസർ.