വാസ്കോ > ഇതാ കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്സിയെ ഒറ്റഗോളിന് വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോളിൽ ഒന്നാംസ്ഥാനത്തെത്തി. ലീഗിന്റെ തുടക്കം താഴെത്തട്ടിലായിരുന്ന മഞ്ഞപ്പട കഴിഞ്ഞ ഒമ്പത് കളിയിലും തോൽവി അറിയാതെ മുന്നേറി. 10 കളിയിൽ നാല് ജയവും അഞ്ച് സമനിലയും ഒരു തോൽവിയും സഹിതം 17 പോയിന്റായി. മുംബൈ സിറ്റിക്കും ഇതേ പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽബ്ലാസ്റ്റേഴ്സ് ഒന്നാമൻമാരായി.
ഹൈദരാബാദിനെതിരെ അൽവാരോ വാസ്കസാണ് വിജയഗോൾ കുറിച്ചത്. അവസാനകളിയിൽനിന്ന് ഒറ്റ മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പ്രതിരോധത്തിൽ ബിജോയ്ക്ക് പകരം ഹോർമിപാമിനെ തിരികെയെത്തിച്ചു പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ലീഗിലെ കരുത്തുറ്റ ടീമുകളുടെ പോരാട്ടം തുടക്കത്തിലേ ത്രസിപ്പിച്ചു. ഹൈദരാബാദിനേക്കാൾ ആധിപത്യം ബ്ലാസ്റ്റേഴ്സിനായിരുന്നു. മധ്യനിരക്കാരൻ അഡ്രിയാൻ ലൂണയായിരുന്നു കളി മെനഞ്ഞത്. വാസ്കസിനും ജോർജ് ഡയസിനും ഇടവേളകളില്ലാതെ പന്തെത്തിച്ചു ലൂണ. മറുവശം പ്രത്യാക്രമണത്തിലൂടെ തിരിച്ചടിക്കാനായിരുന്നു ഹൈദരാബാദിന്റെ നീക്കം. മുൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റക്കാരൻ ബർതലോമേവ് ഓഗ്ബച്ചെയായിരുന്നു അവരുടെ തുരുപ്പുചീട്ട്. എന്നാൽ, ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിടിവിടാതെ നിന്നു.
ഇടവേളയ്ക്ക് മൂന്നു മിനിറ്റ് മുമ്പായിരുന്നു വാസ്കസ് ബ്ലാസ്റ്റേഴ്സിന് ആനന്ദം നൽകിയത്. കാബ്രയുടെ വലതുപാർശ്വത്തിൽനിന്നുള്ള ത്രോയിലൂടെയായിരുന്നു തുടക്കം. ബോക്സിലേക്ക് പറന്നുവന്ന പന്തിൽ സഹൽ അബ്ദുൾ സമദ് തലവച്ചു. നേരേ ഹൈദരാബാദ് പ്രതിരോധക്കാരൻ ആശിഷ് റായിലേക്ക്. ഹെഡ്ഡറിലൂടെ തടയാനുള്ള ശ്രമം വിനയായി. പന്ത് വീണത് വാസ്കസിലേക്കായിരുന്നു. ഇടംകാൽകൊണ്ട് ഒറ്റയടി. ഹൈദരാബാദ് വല വിറച്ചു. അതുവരെ കീഴടങ്ങാതെ പിടിച്ചുനിന്ന ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമാണിക്ക് ഇത്തവണ കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളു. രണ്ടാംപകുതി തിരിച്ചുവരാൻ സർവശ്രമങ്ങളും നടത്തി ഹൈദരാബാദ്. പലപ്പോഴായി ഗോളിനടുത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പിൻനിര ഉലഞ്ഞില്ല. ഗോൾകീപ്പർ പ്രഭ്സുഖൻ സിങ്ങും ജെസെൽ കർണെയ്റോയുമെല്ലാം രക്ഷകരായി അവതരിച്ചു. ബുധനാഴ്ച ഒഡിഷ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.