തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനും എതിരേ മുദ്രാവാക്യങ്ങൾ എഴുതിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനനന്തപുരം പട്ടത്തുനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള കാർ ആണിത്.
ഞായറാഴ്ച വൈകീട്ടോടെയാണ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്. ആർഎസ്എസിനെ വിമർശിച്ചും കർഷകസമരത്തെ അനുകൂലിച്ചുമുള്ള മുദ്രാവാക്യങ്ങളും വാഹനത്തിൽ എഴുതിയിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്.
വാഹനത്തിന്റെഡ്രൈവർ ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് ഇയാൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇയാളെ കണ്ടെത്താൻ പോലീസ് നഗരത്തിൽ തിരച്ചിൽ ആരംഭിച്ചു. ഡ്രൈവർ യുപി സ്വദേശിയാണെന്നാണ് സൂചന. കാർ എആർ ക്യാമ്പിലേക്ക് മാറ്റി.
ബോംബ് സ്ക്വാഡ് അടക്കമെത്തി കാർ വിശദമായി പരിശോധിച്ചു. അസ്വഭാവികമായി ഒന്നും കാറിൽ നിന്ന് കണ്ടെത്തിയിട്ടില്ല. രത്തൻ സിങ് എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാൾ തന്നെയാണോ കാർ ഓടിച്ച് വന്നതെന്ന് വ്യക്തമല്ല. ഒരു മാനസിക രോഗിയെ പോലെയാണ് ഇയാൾ പെരുമാറിയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു.
content highlights:slogan against PM Modi, car was taken into police custody