കറുകച്ചാൽ> പങ്കാളികളെ പരസ്പരം കൈമാറുന്ന വൻസംഘം കറുകച്ചാലിൽ പിടിയിൽ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള അഞ്ചു പേരാണ് പൊലീസ് പിടിയിലായത്. കോട്ടയം മണർകാട് മാലം സ്വദേശിനിയുടെ പരാതിയിലാണ് ഭർത്താവ് പത്തനംതിട്ട മൈലമൺ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ അടക്കം പിടിയിലായത്. ആലപ്പുഴ സ്വദേശികളായ രണ്ടുപേരും കോട്ടയം കൂരോപ്പട, അയ്മനം സ്വദേശികളുമാണിവർ. ഇവർക്കൊപ്പമുള്ള എറണാകുളം സ്വദേശികളായ രണ്ടു പേർക്കുവേണ്ടി പൊലീസ് അന്വഷണം ഊർജിതമാക്കി. മാലം സ്വദേശിനിയായ യുവതിയും സഹോദരന്മാരും ശനിയാഴ്ച കറുകച്ചാൽ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവതിയും ഭർത്താവും ഇപ്പോൾ കങ്ങഴയിലാണ് താമസം.
യുവതി യുട്യൂബർക്ക് നൽകിയ സംഭാഷണത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സഹോദരൻ ശബ്ദം തിരിച്ചറിഞ്ഞു. തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. മെസഞ്ചർ, ടെലഗ്രാം, വാട്സ്ആപ്പ് എന്നിവയിലൂടെ കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നത്. നൂറുകണക്കിന് ദമ്പതികളാണ് ഇതിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെ പരസ്പരം പരിചയപ്പെടുന്ന ഇവർ പിന്നീട് നേരിട്ട് കാണുകയും കൈമാറ്റത്തിന് നിര്ബന്ധിതരാക്കപ്പെടുകയുമാണ് ചെയ്യുന്നത്. സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
ചങ്ങനാശേരി ഡിവൈഎസ്പി ആർ ശ്രീകുമാർ, കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, പ്രിൻസിപ്പൽ എസ്ഐ എ ജി ഷാജൻ, എസ്ഐമാരായ വിജയകുമാർ, കെ കെ സുബാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.