കൊച്ചി> നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ നടന് ദിലീപുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, ഭാര്യാ സഹോദരന് സുരാജ്, അപ്പു, ബൈജു ചെങ്ങമനാട്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ദിലീപും മറ്റുള്ളവരും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ വിവരങ്ങള്‍ റെക്കോഡ് ചെയ്തിരുന്നു. ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്കി. പുതിയ കേസില്‍ ദിലീപാണ് ഒന്നാം പ്രതി. 2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്, അന്വേഷണ ഉദ്യോഗസ്ഥരായ സോജന്, സുദര്ശന്, സന്ധ്യ, ബൈജു പൗലോസ് എന്നിവരെയാണ് ദിലീപ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എ വി ജോര്‍ജിന്റെ വീഡിയോ ചിത്രം യൂട്യൂബില്‍ ഫ്രീസ് ചെയ്ത് വച്ചശേഷം കൈചൂണ്ടി ”നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോകുകയാണ്. എന്റെ ദേഹത്ത് കൈവച്ച സുദര്‍ശന്റെ കൈ വെട്ടണം”, എന്നാണ് ദിലീപ് ഭീഷണിപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ വല്ല ലോറിയോ സൈഡിലിടിച്ചാല്‍ ഒന്നരകോടി നോക്കേണ്ടി വരും അല്ലേ”, എന്നായിരുന്നു മൂന്നാം പ്രതി സൂരജിന്റെ ഭീഷണി.
കേസില്‍ അനൂപ് രണ്ടാം പ്രതിയും ദിലീപിന്റെ ഭാര്യ സഹോദരന് സൂരജ് മൂന്നാംപ്രതിയുമാണ്. അപ്പു, ബൈജു ചെങ്ങമനാട്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് അഞ്ചുമുതല്‍ ആറുവരെ പ്രതികള്‍. ഡിവൈഎസ്പി എം ബൈജു പൗലോസിന്റെ പരാതി പ്രകാരം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസെടുത്തത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് ചുമത്തിയത്. പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്ന് കേസിന്റെ പുരോഗതി വിലയിരുത്തിയശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നടിയെ പീഡിപ്പിച്ച കേസില്‍ കോടതി നിര്‍ദേശം പാലിച്ച് അന്വേഷണം നടത്തുമെന്നു എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
2017 ഫെബ്രുവരി 17ന് രാത്രി കൊച്ചി നഗരത്തില്‍ വച്ച് നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. ആക്രമണം നടത്തിയത് ദിലീപ് പറഞ്ഞിട്ടാണെന്ന് കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇത് വ്യക്തമാക്കുന്ന സുനിയുടെ കത്തും പുറത്തു വന്നിട്ടുണ്ട്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.