പല സാഹചര്യങ്ങൾ മൂലം സിപിഎമ്മുമായി സഹകരിച്ചു പോകുന്നവരുണ്ട്. അതിനാൽ അവർ മതവിശ്വാസികൾ അല്ലെന്ന് പറയാൻ സാധിക്കില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കുന്നവർ പള്ളികളും മദ്രസകളുമായും സഹകരിക്കുന്നുണ്ട്. അത്തരം ആളുകളെ വെറുപ്പിക്കുന്ന സമീപനം സമസ്ത അന്നും ഇന്നും സ്വീകരിച്ചിട്ടില്ല.
സമസ്ത സർക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന സർക്കാരിൽ നിന്നും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി വിദ്വേഷ സമീപനം സ്വീകരിക്കാറില്ല. കേരളം ഭരിക്കുന്നത് പൂർണ്ണമായും കമ്യൂണിസ്റ്റുകളല്ല. അതിൽ മതവിശ്വാസികളുണ്ട്. അതിനാൽ വിമർശിക്കപ്പെടേണ്ട സാഹചര്യമില്ല. അത് തന്ത്രപരമായ സമീപനമാണ്. കാര്യങ്ങളെ വിവേചിച്ച് കാണാനുള്ള വിവേകം ബുദ്ധിയുള്ളവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസം എന്ന തത്വം നിരീശ്വരത്തിൽ അധിഷ്ടിതമാണെന്ന് എല്ലാവർക്കും അറിയുന്നതാണ്. ആ പാർട്ടിയുടെ താത്വികാചാര്യന്മാർക്ക് ആ കാര്യത്തിൽ സംശയമില്ല. അത് നിരീശ്വരത്തിൽ അധിഷ്ടിതമാണെന്ന് പറഞ്ഞാൽ അവർക്ക് സന്തോഷമല്ലേ ഉണ്ടാകൂ. ഇടതു മുന്നണിയുമായുള്ള സഹകരണം സംബന്ധിച്ച് സമസ്തയിൽ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം.