കോഴിക്കോട് > എൽഡിഎഫ് സർക്കാരുമായും കമ്യുണിസ്റ്റുകാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) യുവജനവിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. സർക്കാരുമായി സമസ്ത സഹകരിക്കന്നത് തെറ്റല്ല. കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റുകാർ മാത്രമല്ല. അതിൽ മതവിശ്വാസികളുമുണ്ട്–-എസ്വൈഎസ് സംസ്ഥാനസെക്രട്ടറിയായ അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പാർടിയിൽ അണിനിരന്നവരെല്ലാം അവിശ്വാസികളാണെന്ന വീക്ഷണമില്ല. പല സാഹചര്യത്തിൽ സി പി ഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരുണ്ട്. അവരെല്ലാം നിരീശ്വരത്വം അംഗീകരിച്ചവരോ മാർക്സിസ്റ്റ് സൈദ്ധാന്തിക ദർശനം പഠിച്ചവരോ ആകണമെന്നില്ല. ഇവർ മതവിശ്വാസികളല്ലെന്ന് നമുക്ക് പറയാനാകില്ല. സമസ്ത സർക്കാരിനോട് സഹകരിക്കുന്നുണ്ട്. അത് ഭരിക്കുന്നവരോട് വിദ്വേഷസമീപനമില്ലാതെ ആവശ്യം നേടിയെടുക്കു എന്ന തന്ത്രത്തിന്റെ ഭാഗമാണെന്നും അബ്ദുസമദ് വാർത്താമാധ്യമങ്ങളോട് പറഞ്ഞു.