ശബരിമല > മകരവിളക്ക് അടുത്തതോടെ ശബരിമലയിൽ തിരക്ക് അനുദിനം വർധിക്കുന്നു. ശനിയാഴ്ച വെർച്വൽ ബുക്കിങ് വഴിയെത്തിയത് 49,846 തീർഥാടകർ. നിലയ്ക്കലിൽ മാത്രം 2,634 പേർ സ്പോട്ട് രജിസ്ട്രേഷനും നടത്തി. വെർച്ച്വൽ ക്യൂ വഴി ആറിന് 42,357 പേരും ഏഴിന് 44,013 പേരും എത്തിയിരുന്നു. ഈ മാസം ഒന്ന് മുതൽ എട്ട് വരെ 21,080 പേരാണ് സ്പോട്ട് രജിസ്ട്രേഷനിലൂടെ സന്നിധാനത്ത് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് തീർഥാടകരെ കടത്തിവിടുന്നുണ്ട്. കാര്യമായ കോവിഡ് നിയന്ത്രണം ഇല്ലാത്ത ആന്ധ്രയിൽ നിന്നാണ് കൂടുതൽ പേർ എത്തുന്നത്.
മകരവിളക്ക് കാലത്ത് സന്നിധാനത്തെ വിവിധ ഭാഗങ്ങളിലായി സേവനം അനുഷ്ഠിക്കാനുള്ള പൊലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ഞായറാഴ്ച മുതൽ ചുമതല നിർവഹിച്ചുതുടങ്ങി. സന്നിധാനത്തെ പുതിയ സ്പെഷ്യൽ ഓഫീസറായി ബി കൃഷ്ണകുമാർ ചുമതലയേറ്റു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽസെൽ എസ്പിയാണ് അദ്ദേഹം. മകരവിളക്കിനും തിരുവാഭരണ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകുമ്പോഴും പ്രത്യേക സുരക്ഷാ ക്രമീകരണം ഉണ്ടാകും. എല്ലാ വകുപ്പുകളുടെയും സംയുക്ത പ്രവർത്തനം ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ പറഞ്ഞു. സന്നിധാനത്ത് പുതുതായി ചാർജെടുത്ത ബാച്ചിൽ നാല് ഡിവൈഎസ്പിമാർ, 10 സിഐമാർ, 37 എസ്ഐ, എഎസ്ഐമാർ, 300 സിപിഒമാർ എന്നിവർ ഉൾപ്പെടുന്നു. നിലവിൽ എട്ട് ഡിവൈഎസ്പിമാർ, 13 സിഐമാർ, 58 എസ്ഐ, എഎസ്ഐമാർ, 581 സിപിഒമാർ എന്നിവർ സന്നിധാനത്തെ ഡ്യൂട്ടിക്കായി ഉണ്ട്.