ലാഹോർ > പാകിസ്ഥാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മുറീയിലുണ്ടായ അതിശൈത്യത്തിൽ 9 കുട്ടികളടക്കം 22 പേർ മരിച്ചു. ഇസ്ലാമാബാദിൽനിന്ന് 64 കിലോമീറ്റർ മാറി പാക്ക് പഞ്ചാബ് പ്രവിശ്യയിൽ രാജ്യത്തെ പ്രധാന ശൈത്യകാല വിനോദ സഞ്ചാര കേന്ദ്രമായ മുറീയിലാണ് സംഭവം.
പർവതപാതയിലുണ്ടായ ഗതാഗതക്കുരുക്കിൽ വാഹനങ്ങളിൽ പെട്ടുപോയ സഞ്ചാരികളാണ് മരിച്ചത്. പത്ത് പുരുഷൻമാരും പത്ത് കുട്ടികളും 2 സ്ത്രീകളുമാണ് മരിച്ചത്. താപനില എട്ട് ഡിഗ്രിയിൽ താഴെയായ വെള്ളിയാഴ്ച രാത്രി ആയിരത്തോളം വാഹനങ്ങളാണ് പർവതപാതയിൽ കുടുങ്ങിയത്.
രക്ഷാപ്രവർത്തനത്തിനും ഗതാഗതം പുനസ്ഥാപിക്കാനും സൈന്യം രംഗത്തിറങ്ങി. മഞ്ഞ് വീഴ്ച ആരംഭിച്ചതോടെ അമിതമായി സഞ്ചാരികൾ എത്തിയതാണ് ദുരന്തത്തിന് കാരണമായത്. മുറീയിലേക്കുള്ള പാതകൾ ഞാറാഴ്ച രാത്രി 9 വരെ അടച്ചു.