നേമം (തിരുവനന്തപുരം) > ‘പുറമ്പോക്ക് ഭൂമിയിലായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. കരമന–- -കളിയിക്കവിള ദേശീയപാതയ്ക്കായി മുൻ യുഡിഎഫ് സർക്കാർ അവിടെ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടു. തെരുവിലാകുമെന്ന് ഉറപ്പിച്ചു. എന്നാൽ, തുടർന്നുവന്ന എൽഡിഎഫ് സർക്കാർ ഞങ്ങളെ ചേർത്തുനിർത്തി.
പള്ളിച്ചൽ പഞ്ചായത്തിൽത്തന്നെ മൂന്നു സെന്റും ലൈഫ് വീടും തന്നു. സ്വന്തം വീട്ടിൽ കിടന്ന് മരിക്കണമെന്ന ഉമ്മ ഫാത്തിമാബീവിയുടെ ആഗ്രഹം അങ്ങനെ സാധിച്ചു’. പ്രാവച്ചമ്പലം പഴയ രാജപാത പുറമ്പോക്കിൽ താമസിച്ചിരുന്ന റാഹിലയും ഭർത്താവ് മാഹീനും ഇതു പറയുമ്പോൾ വാക്കുപാലിച്ച സർക്കാരിലുള്ള വിശ്വാസം പ്രകടം.
ഇവിടെയുള്ള 21 കുടുംബത്തെ ഉമ്മൻചാണ്ടി സർക്കാർ 50,000 രൂപ നൽകി ഒഴിവാക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ സ്ഥലം വിട്ടുനൽകുന്നവരെ പെരുവഴിയിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 21 കുടുംബത്തിനും സ്ഥലവും വീടും ലഭിച്ചു. ഭൂമി പതിച്ചുനൽകുകയും റോഡ് ഉദ്ഘാടനത്തിന്റെ അന്നുതന്നെ പട്ടയവും നൽകി.