സ്മാർട്ട് ഫോണിൽ ചുറ്റിത്തിരിയുന്ന ലോകമായി നമ്മൾ മാറി. എന്നാൽ, അതിർവരമ്പിനകത്താണോ നമ്മുടെ കുട്ടികളുടെ ഡിജിറ്റൽ സമ്പർക്കം. അല്ല എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.
2007ലാണ് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് ഐഫോൺ അവതരിപ്പിക്കുന്നത്. തുടർന്നുള്ള 15 വർഷം ഈ മേഖല ഏറെ കുതിച്ചു. കേരളം അഞ്ചോ അതിലധികമോ വർഷംകൊണ്ട് കൈവരിക്കേണ്ട ഡിജിറ്റൽ സാന്ദ്രത കോവിഡിനൊപ്പം അതിവേഗം വന്നു. 2020 ജൂണിൽ എൽകെജി മുതലുള്ള കുട്ടികൾ ഡിജിറ്റൽ വിദ്യാരംഭം കുറിച്ചു. സ്മാർട്ട് ഫോണിൽ ചുറ്റിത്തിരിയുന്ന ലോകമായി നമ്മൾ മാറി. എന്നാൽ, അതിർവരമ്പിനകത്താണോ നമ്മുടെ കുട്ടികളുടെ ഡിജിറ്റൽ സമ്പർക്കം. അല്ല എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. മരണം വരിച്ചവർ. വിഷാദരോഗികൾ, അപകടത്തിലേക്ക് നടക്കുന്നവർ… അങ്ങനെ നീളുന്നു.
എന്നെ തെരയണ്ട
സാന്ദ്ര ( പേര് സാങ്കൽപ്പികം) പഠിക്കാൻ മിടുക്കി. സർക്കാർ സ്കൂളിൽ. അച്ഛൻ, അമ്മ, അനിയൻ എന്നിവരങ്ങുന്ന ഇടത്തരം കുടുംബം. ഓൺലൈൻ പഠനത്തിനിടെ ഫെയസ് ബുക്ക് വഴി അജ്ഞാതസുഹൃത്തിനെ പരിചയപ്പെട്ടു. ഒടുവിൽ വീടുവിട്ടിറങ്ങി. ഒരു സന്ദേശംമാത്രം എന്നെ തെരയണ്ട.
ഹീറോ ആത്മഹത്യ ചെയ്യുമോ
പട്ടാളക്കാരൻ ആകാനായിരുന്നു സന്ദേശിന് ആഗ്രഹം. പട്ടാളക്കാരുടെ വേഷം ആ പതിമൂന്നുകാരനെ ആകർഷിച്ചു. വിദേശത്തുള്ള അച്ഛൻ പഠനത്തിന് വിലകൂടിയ ഫോൺ വാങ്ങി നൽകി. രസത്തിനാണ് പബ്ജി കളിച്ചത്. പിന്നീടത് ഫ്രീ ഫയർവരെ. ഓൺലൈനിലെ തന്റെ ‘ഹീറോ’യ്ക്കായി ആയുധം മാറിമാറി വാങ്ങി. ഇതിന് പണം കുറെ പോയി.
പകലും രാത്രിയും നീണ്ട കളി. മുറിക്കുള്ളിൽനിന്ന് മകൻ ഓൺലൈനിൽ വെടിയുതിർത്ത് രസിക്കുന്നത് അക്കൗണ്ടിലെ കാശിലാണെന്ന് വീട്ടുകാരറിഞ്ഞില്ല. പഠനത്തിൽ ഉഴപ്പി. അക്ഷരം മറന്നു. ഒടുവിൽ ഒരു ഹീറോയ്ക്കും ചേരാത്ത ആത്മഹത്യ.
സ്നേഹിക്കുന്നതിൽ എന്താണ് തെറ്റ്
നല്ല ഐക്യു ഉള്ള കുട്ടിയായിരുന്നു ആതിര. ഫെയ്സ്ബുക്ക് ചാറ്റിലൂടെ അജ്ഞാത സുഹൃത്തിലേക്ക്.ആ പത്താംക്ലാസുകാരിയെ കാണാൻ യുവാവ് വീടിന് സമീപം വരെ എത്തി. അജ്ഞാതനെ കണ്ട് വീട്ടുകാർ അയൽക്കാരെ വിളിച്ചു. ആളുകൾ റോഡിൽ പെരുമാറി. രണ്ടാംദിവസം പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. സ്നേഹിക്കുന്നതിൽ എന്താണ് തെറ്റ്– അവൾ ചോദിച്ചു. പൊലീസ് അന്വേഷണത്തിൽ യുവാവ് സ്വകാര്യബസിലെ കണ്ടക്ടറാണെന്ന് കണ്ടെത്തി. പെൺകുട്ടിക്ക് അത് ഉൾക്കൊള്ളാനായില്ല. വിഷാദത്തിലേക്ക്.
കുളിയില്ല, ഭക്ഷണമില്ല
ദക്ഷിണകൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസിനോടുള്ള ആരാധന മൂത്തുപോയി ഒമ്പതാംക്ലാസുകാരി നിത്യക്ക് (പേര് സാങ്കൽപ്പികം). കൊറിയയിൽ പോകണമെന്നാണ് ആഗ്രഹം. ദിവസങ്ങൾ റൂമിൽ അടച്ചിട്ടിരിക്കും. സംസാരം ബിടിഎസ് ആർമി ഗ്രൂപ്പിൽപ്പെട്ടവരോടുമാത്രം. കുളിയില്ല, ഭക്ഷണമില്ല. പഠനത്തിൽ പിന്നിൽ.
വാഷ് യുവർ ഡിജിറ്റൽ ഹാൻഡ്സ്
(മനോജ് എബ്രഹാം, എഡിജിപി)
(നോഡൽ ഓഫീസർ, സൈബർ ഡോം )
മുറിയിൽ ഇരുന്ന് ഓൺലൈനിൽ കുറ്റകൃത്യമാണ് ചെയ്യുന്നതെങ്കിലും ആളുകൾക്ക് കുറ്റബോധമില്ല. സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ 5-–10 ശതമാനം വരെ കൂടിയിട്ടുണ്ട്. കേരളത്തിൽ ഇന്റർനെറ്റ് യുഗം തന്നെയാണ്. അതനുസരിച്ച് ചൂഷണവും ഉണ്ടാകുന്നുണ്ട്.
മൊത്തം കുറ്റകൃത്യങ്ങളുടെ 50 ശതമാനവും ഈമേഖലയിലാണ്. വാഷ് യുവർ ഹാൻഡ് സ് എന്ന് പറയുംപോലെ ഇന്റർപോൾ പറയുന്നത് വാഷ് യുവർ ഡിജിറ്റൽ ഹാന്റ്സ് എന്നാണ് . ഉത്തരവാദിത്വത്തിലും സുരക്ഷിതമായും ഇന്റർനെറ്റ് ഉപയോഗിച്ചില്ലെങ്കിൽ വിപത്തിലേക്ക് നീങ്ങാൻ എല്ലാ സാധ്യതയുമുണ്ട്.
(അവസാനിക്കുന്നില്ല)