കണ്ണൂർ: കെ-റെയിൽ സർവേക്കല്ല് പിഴുതെറിഞ്ഞ സംഭവത്തെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരേ കേസ്. കണ്ണൂർ പഴയങ്ങാടിയിലെ പുത്തൻപുരയിൽ രാഹുലിനെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ശനിയാഴ്ച രാവിലെ 11 മണിയോടെ അമ്പതലധികം പ്രവർത്തകരാണ് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ച് അക്രമാസക്തമാകുന്ന നിലയെത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ ഒഴിപ്പിച്ചു.
പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാടായിപാറയിൽ കെ-റെയിലിന് വേണ്ടി സ്ഥാപിച്ച സർവേക്കല്ല്കഴിഞ്ഞ ദിവസംപിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതാരാണ് ചെയ്തതെന്ന് കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് സംഭവത്തെ അനൂകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട രാഹുലിനെതിരേ പോലീസ് കേസെടുത്തത്.
content highlights:facebook post against k rail, case charged against youth congress worker